
ഇടുക്കി: മൂന്നാറിൽ നീലക്കുറിഞ്ഞി മേഖല തിരിച്ച് പിടിക്കാനുള്ള വനംവകുപ്പിന്‍റെ പദ്ധതിക്ക് തുടക്കം. ആനമുടി ഷോല ദേശീയോദ്യാനത്തിലെ 80 ഹെക്ടറിൽ കുറിഞ്ഞി തൈകൾ നട്ടുപിടിപ്പിക്കും. 2030ൽ നീലക്കുറിഞ്ഞി പൂക്കുന്നത് വരെ തൈകൾ വനംവകുപ്പ് പരിപാലിക്കും.
2018ലാണ് മൂന്നാറിൽ നീലക്കുറിഞ്ഞി അവസാനമായി പൂവിട്ടത്. തുടർന്നുണ്ടായ പ്രളയത്തിലും കാട്ടുതീയിലും നീലക്കുറിഞ്ഞി മേഖലയുടെ ഭൂഘടന അപ്പാടെ മാറി, പുൽമേടുകൾ കാടുകയറി. ഇതുനിമിത്തം 2030ൽ നീലക്കുറിഞ്ഞി വസന്തം വിസ്മൃതിയിലാകുമോ എന്ന ആശങ്ക ഒഴിവാക്കാനാണ് വനംവകുപ്പിന്‍റെ വേറിട്ട ശ്രമം.
2018ലെ സീസണിൽ ശേഖരിച്ച വിത്തുകൾ ഒരുക്കിയെടുത്താണ് വനംവകുപ്പ് കുറിഞ്ഞി തൈകളുണ്ടാക്കിയത്. ഇവ അപ്പർ ഗുണ്ടുമല, ആനമുടിച്ചോല എന്നിവിടങ്ങളിലെ 80 ഹെക്ടർ പ്രദേശത്തെ മൊട്ടക്കുന്നുകളിൽ നട്ടുപിടിപ്പിക്കും. പരിസ്ഥിതി പുനഃസ്ഥാപനത്തിനായി മൂന്നാർ വന്യജീവി വിഭാഗവും ഷോല ദേശീയോദ്യാനവും ചേർന്ന് രൂപീകരിച്ച ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൈകൾ പരിപാലിക്കും.
ഇതോടൊപ്പം ആനമുടി ഉദ്യാനത്തിലെ വിവിധ ഇടങ്ങളിൽ സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി നട്ടുപിടിപ്പിച്ച ഗ്രാന്‍റിസ്, യൂക്കാലി എന്നീ മരങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കി തനത് സസ്യങ്ങളും പുല്ലും വച്ചുപിടിപ്പിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam