വിതുരയിലെ പുലി സാന്നിധ്യം; ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വനം വകുപ്പ്

By Web TeamFirst Published Nov 17, 2022, 9:45 AM IST
Highlights

കാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പുലിയുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്നതൊന്നും ലഭിച്ചിട്ടില്ലെന്നും വനം വകുപ്പ് പറയുന്നു. 


തിരുവനന്തപുരം: വിതുര താവയ്ക്കലിൽ പുലിയെ കണ്ടതായി പറയുന്നിടങ്ങളിലെ ആശങ്കയിൽ നാട്ടുകാർ ഭയപ്പെടേണ്ടതില്ലെന്ന് വനം വകുപ്പ്. പുലിയെ കണ്ടുവെന്ന് പ്രദേശവാസികൾ അറിയിച്ച് പത്ത് ദിവസങ്ങൾ കഴിയുമ്പോഴും വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടില്ല. പ്രദേശത്ത് സ്ഥാപിച്ച ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളിൽ പുലിയുടെ സാന്നിധ്യം ഇല്ലാത്തതിനാൽ ഒരാഴ്ച മുമ്പ് വനംവകുപ്പ് വെച്ച ക്യാമറകൾ കഴിഞ്ഞ ദിവസം മാറ്റിസ്ഥാപിച്ചിരുന്നു.  രണ്ട് തവണ പുലിയെ കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ച രണ്ട് സ്ഥലങ്ങളിലായി വനംവകുപ്പ് കഴിഞ്ഞ തിങ്കളാഴ്ചയാണ് ക്യാമറകൾ സ്ഥാപിച്ചത്. 

കഴിഞ്ഞ ഞായറാഴ്ച പുലിയെ കണ്ടതായി പറഞ്ഞ കോഴിഫാമിന് സമീപത്ത് നിന്ന് മാറി പ്രവർത്തിക്കുന്ന മറ്റൊരു ഫാമിന് സമീപത്തേക്കാണ് പുതുതായി ക്യാമറകൾ മാറ്റി സ്ഥാപിച്ചത്. പുലിയുടേതെന്ന് നാട്ടുകാർ സംശയിച്ച കാൽപ്പാടുകൾ രണ്ട് വട്ടം കണ്ടെന്ന് നാട്ടുകാര്‍ അറിയിച്ച ബലിക്കടവിനോട് ചേർന്ന റബ്ബർ തോട്ടത്തിനടുത്തെ ഇളകിയ മണ്ണിൽ പരിശോധന നടത്തിയെങ്കിലും പുലിയുടെ കാല്‍പ്പാടാണെന്ന് ഉറപ്പിക്കാനാകില്ലെന്ന് വനംവകുപ്പ് അറിയിച്ചു. കാമറാ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പുലിയുടെ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്നതൊന്നും ലഭിച്ചിട്ടില്ലെന്നും വനം വകുപ്പ് പറയുന്നു.  ഈ സാഹചര്യത്തിലാണ് കാമറകൾ മാറ്റിസ്ഥാപിച്ചത്. പുലിയെ കണ്ടെന്ന് അറിയിച്ച് ഇത്രയും ദിവസം കഴിഞ്ഞിട്ടും വളര്‍ത്ത് മൃഗങ്ങളൊന്നും അക്രമിക്കപ്പെട്ടിട്ടില്ല. അതിനാല്‍, നിലവില്‍ ഭയപ്പെടേണ്ടതായി ഒന്നുമില്ലെന്നും വനം വകുപ്പ് പറയുന്നു. 

ഇതിനിടെ വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ വനംവകുപ്പിന്‍റെ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാരുടെയും വനംവകുപ്പിന്‍റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ  രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ച് കൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. ഒടുവില്‍ പ്രതിഷേധം വർധിച്ചതോടെ ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയിൽ സ്ഥാപിച്ചു. ഇങ്ങനെ കുപ്പമുടി എസ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ കുടുങ്ങിയത്. 
 

കൂടുതല്‍ വായനയ്ക്ക്:  വഴിയില്‍ തടഞ്ഞ് നിര്‍ത്തി അജ്ഞാതന്‍ ലഹരി വസ്തു നല്‍കി; അധ്യാപകരെ വിവരമറിയിച്ച ആറാം ക്ലാസുകാരന് ആദരം

കൂടുതല്‍ വായനയ്ക്ക്:  കല്ലാറിലെ അപകട മരണങ്ങള്‍ ഒഴിവാക്കാന്‍ ശാശ്വത പരിഹാരമൊരുക്കും

കൂടുതല്‍ വായനയ്ക്ക്:  വിതുരയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍; ക്യാമറകള്‍ സ്ഥാപിച്ച് വനം വകുപ്പ്

 

click me!