
കൽപ്പറ്റ : വയനാട് മീനങ്ങാടിയിൽ നാട്ടിലിറങ്ങി ഭീതി സൃഷ്ടിച്ച കടുവ വനംവകുപ്പിന്റെ കൂട്ടിലായി. കുപ്പമുടി എസ്റേറ്റ് പൊൻമുടി കോട്ടയിൽ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. നാട്ടുകാരുടെയും വനംവകുപ്പിന്റെയും ഉറക്കം കളഞ്ഞ് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി കടുവ നാട്ടിലിറങ്ങി വിഹരിക്കുകയായിരുന്നു. നിരവധി വളർത്ത് മൃഗങ്ങളെയും കടുവ ആക്രമിച്ചുകൊന്നതോടെ നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. കടുവയെ കൂട്ടിലാക്കാനായി നിരവധിത്തവണ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. പ്രതിഷേധം വർധിച്ചതോടെ ആറ് കൂടുകളും 35 നിരീക്ഷണ ക്യാമറകളുമടക്കം മേഖലയിൽ സ്ഥാപിച്ചു. കുപ്പമുടി എസ്റേറ്റിൽ സ്ഥാപിച്ച കൂട്ടിലാണ് ഒടുവിൽ കുടുങ്ങിയത്.
(വാർത്തയിൽ ഉപയോഗിച്ചത് പ്രതീകാത്മക ചിത്രം )
കബാലി ആന ഇന്നും റോഡിലിറങ്ങി
അതിരപ്പിള്ളിയിലെ 'കബാലി' കാട്ടാന ഇന്നും റോഡിലിറങ്ങി. മലക്കപ്പറയിൽനിന്ന് തേയില കയറിവന്ന ലോറി, കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ പുറകോട്ടെടുത്താണ് രക്ഷപ്പെട്ടത്. ഒടുവിൽ ഷോളയാർ പവ്വർ ഹൗസിലേക്കുള്ള റോഡിലേക്ക് ആന ഇറങ്ങിയതോടെയാണ് ആശങ്ക ഒഴിഞ്ഞത്.
പ്രദേശത്ത് കൂടുതൽ ഉദ്യോഗസ്ഥരെ വരും ദിവസങ്ങളിലും നിയമിക്കാനാണ് വനം വകുപ്പ് തീരുമാനം. കൊമ്പ ന് മുന്നിൽ പെടുന്ന വാഹനങ്ങളിൽ ഉള്ളവർ ആനയെ പ്രകോപിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. മദപ്പാടിലായ കബാലി ഒരാഴ്ചയായി ഷോളയൂർ പാതയിൽ വഴി മുടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊമ്പന്റെ പരാക്രമത്തിൽ നിന്ന് രക്ഷപെടാൻ സ്വകാര്യ ബസ്സ് 8 കിലോമീറ്ററാണ് പിന്നോട്ടെടുത്തത്.
വാഹനം ഇടിച്ച് മ്ലാവ് ചത്തു
തൃശൂർ വഴുക്കും പാറ സെന്ററിൽ വാഹനം ഇടിച്ച് മ്ലാവ് ചത്തു. ദേശീയപാതയിൽ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്. റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്നതിനിടെ പാലക്കാട് തൃശൂർ ദേശീയപാതയിലെത്തിയ വാഹനം ഇടിക്കുകയായിരുന്നു. വാരിയത്ത്കാട് വനമേഖലയിൽ നിന്നാണ് മ്ലാവ് എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.