
കൊച്ചി: വിൽപന ലക്ഷ്യമിട്ട് സംഭരിച്ചിരുന്ന അറുപത്തിയാറു കിലോ ചന്ദനം പിടികൂടി വനം വകുപ്പ്. എറണാകുളം, ഇടുക്കി ജില്ലകളിലായി നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് അഞ്ചു പേരെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത ചന്ദനത്തടികള്‍ വിപണിയില്‍ പത്തു ലക്ഷത്തിലേറെ രൂപയുടെ മൂല്യമാണ് കണക്കാക്കുന്നത്. ഇടുക്കി ഇരട്ടയാറിലെ ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് മൂന്നു ചാക്കു കെട്ടുകളിലായി സൂക്ഷിച്ചിരുന്ന അറുപത്തിയാറു കിലോ ചന്ദനം വനം വകുപ്പ് പിടികൂടിയത്. ഇരട്ടയാര്‍ സ്വദേശി ചാര്‍ലി ജോസഫ്,നിഖില്‍ സുരേഷ്,കട്ടപ്പന സ്വദേശി സരണ്‍ ശശി,രാജാക്കാട് സ്വദേശി വിഎസ് ഷാജി, ഉടുമ്പഞ്ചോല സ്വദേശി അനീഷ് മാത്യു എന്നിവരാണ് അറസ്റ്റിലായത്. വില്‍ക്കാനായി സൂക്ഷിച്ചിരുന്ന ചന്ദന തടികളുടെ സാമ്പിളുമായി പെരുമ്പാവൂര്‍ തൃക്കളത്തൂരില്‍ നിന്ന് അനീഷ് മാത്യുവാണ് ആദ്യം പിടിയിലായത്. തുടര്‍ന്നുളള അന്വേഷണത്തില്‍ വാഴക്കുളത്തുളള വി.എസ്.ഷാജിയാണ് അനീഷിന് ചന്ദനതടി നല്‍കിയത് എന്ന വിവരം കിട്ടി. ഷാജിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മറ്റ് മൂന്നു പ്രതികള്‍ കൂടി പിടിയിലാവുകയായിരുന്നു.
പ്രതികളുടെ രണ്ട് വാഹനങ്ങളും മൊബൈല്‍ ഫോണുകളും വനം വകുപ്പ് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ രണ്ടു പേര്‍ ലഹരി കടത്ത് കേസിലും വിസ തട്ടിപ്പ് കേസിലും പ്രതികളാണെന്നും വനം വകുപ്പ് വിവരം കിട്ടിയിട്ടുണ്ട്. കൂടുതല്‍ പ്രതികള്‍ കേസില്‍ പിടിയിലാകുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചന നല്‍കി. മലയാറ്റൂര്‍ റേഞ്ച് ഓഫിസര്‍ ആര്‍.അധീഷ്, മേക്കപ്പാല ഡെപ്യൂട്ടി ഫൊറസ്റ്റ് ഓഫിസര്‍ കെ.ദിതീഷ് എന്നിവര്‍ നേതൃത്വം നല്‍കുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam