
ഇടുക്കി: അത്ഭുതകരമായാണ് ഇടുക്കിയില്‍ കാട്ടുപാതയ്ക്കുള്ളില്‍ വച്ച് ജീപ്പില്‍ നിന്ന് തെറിച്ചുവീണ കുട്ടി രക്ഷപ്പെട്ടത്. കുഞ്ഞ് ജീവിതത്തിലേയ്ക്ക് തിരിച്ചു കയറിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സംയോജിതമായ ഇടപെടല്‍മൂലമാണ്. കുട്ടിയുടെ കരച്ചില്‍ കേട്ടെത്തിയ വാച്ചര്‍മാരാണ് കുട്ടിയെ രക്ഷപ്പെടുത്തി ഉന്നത ഉദ്യഗസ്ഥരെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്.
കുട്ടിയുടെ കരച്ചില്‍കേട്ട് ആദ്യം ഓടിയെത്തിയത് വനംവകുപ്പ് വാച്ചര്‍ കൈലേശനായിരുന്നു. കുട്ടിയെ വാരിയെടുത്ത് മുറിയിലെത്തിച്ചതോടെ വിശ്വനാഥനും എത്തി. ഇരുവരുംകൂടി കുട്ടിയുടെ മുഖത്തെ ചോര തുടച്ചശേഷം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷമിയെ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ അവര്‍ കുട്ടിയെ മൂന്നാര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയും മാതാപിതാക്കളെ കണ്ടെത്താന്‍ പൊലീസിന്‍റെ സഹായം തേടുകയുമായിരുന്നു.
നിര്‍ത്താതെ കരയുന്ന കുട്ടിയുടെ മുഖമാണ് ഇപ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്. മണിക്കൂറുകള്‍ക്കുശേഷം മതാപിതാക്കള്‍ എത്തി കുട്ടിയെ ഏറ്റുവാങ്ങിയപ്പോഴാണ് തങ്ങള്‍ക്ക് ജീവിതത്തില്‍ ഏറ്റവും വലിയ സന്തോഷമുണ്ടായതെന്ന് ജീവനക്കാര്‍ പറയുന്നു.
കഴിഞ്ഞ ദിവസം പഴനി ക്ഷേത്രദര്‍ശനത്തിനുശേഷം മടക്കയാത്രയ്ക്കിടയില്‍ രാജമലയിലെ അഞ്ചാം മൈലില്‍ വച്ച് ജീപ്പില്‍ നിന്ന് റോഡിലേയ്ക്ക് തെറിച്ചു വീണ കുട്ടി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. വന്യമൃഗങ്ങളടക്കം വിഹരിക്കുന്ന പാതയില്‍ ചെക്ക് പോസ്റ്റിനുസമീപം തെറിച്ചുവീണ കുട്ടി സമയമെടുത്താണ് റോഡ് മുറിച്ചുകടന്ന് ടിക്കറ്റ് കൗണ്ടറിന് സമീപത്തെത്തിയത്. ഈ സമയം വാഹനങ്ങള്‍ വരാതിരുന്നതും കുട്ടി എതിര്‍വശത്തേയ്ക്ക് പോകതിരുന്നതും വലിയ അപകടമാണ് ഒഴിവാക്കിയത്.
സമീപത്തെ കുത്തൊഴുക്കുള്ള പുഴ റോഡിനോട് ചേര്‍ന്നാണ് ഒഴുകുന്നത്. പുഴയുടെ സമീപത്തേക്കാണ് കുട്ടി തെറിച്ചുവീണതെങ്കിലും ഇഴഞ്ഞുനീങ്ങി ചെക്ക്‌പോസ്റ്റിന് സമീപത്തെത്തി. തെരുവ് നായ്ക്കളുടെ ശല്യമേറെയുള്ള ഭാഗമാണെങ്കിലും നായ്ക്കള്‍ ഇല്ലാതിരുന്നതും രക്ഷയായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam