
പത്തനംതിട്ട/തിരുവനന്തപുരം: പഞ്ചായത്ത് ഫണ്ട് വെട്ടിപ്പ് നടത്തിയ കേസിൽ റാന്നി-അങ്ങാടി ഗ്രാമ പഞ്ചായത്ത് മുൻ സെക്രട്ടറി എഡിസൺ.എയും കൈക്കൂലി വാങ്ങിയതിന് മുൻ വില്ലേജ് ഓഫീസറെയും ശിക്ഷിച്ച് കോടതി. പത്തനംതിട്ട വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിവിധ വകുപ്പുകളിലായി ആകെ 6 വർഷം കഠിന തടവിനും, 1,50,000 രൂപ പിഴ ഒടുക്കുന്നതിനും പഞ്ചായത്ത് സെക്രട്ടറിക്ക് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.
അതേസമയം, താഴേക്കോട് വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് ഓഫീസറായ മനോജ് തോമസ് കൈക്കൂലി വാങ്ങിയതിനുമാണ് ശിക്ഷിക്കപ്പെട്ടത്. കോഴിക്കോട് മുക്കം സ്വദേശിയായ പരാതിക്കാരന്, പട്ടയം അനുവദിക്കുന്നതിന് അനുകൂലമായ റിപ്പോർട്ട് നൽകാനായിരുന്നു കൈക്കൂലി വാങ്ങിയത്. കോഴിക്കോട് വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി ആകെ ഏഴ് വർഷം കഠിന തടവിനും 50,000 രൂപ പിഴയടയ്ക്കാനും കോഴിക്കോട് വിജിലൻസ് കോടതിയുമാണ് ശിക്ഷ വിധിച്ചത്.
റാന്നി-അങ്ങാടി ഗ്രാമ പഞ്ചായത്തിൽ 2006-2007 കാലഘട്ടത്തിൽ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന എഡിസൺ.എ പഞ്ചായത്ത് പരിധിയിൽ വിവിധ വാർഡുകളിലെ റോഡ് അരികിലുള്ള കുറ്റിക്കാടുകളും, അഴുക്ക്ചാലുകളും, പഞ്ചായത്ത് പരിസരവും വൃത്തിയാക്കിയതായി കാണിച്ച് 106 വ്യജ വൗച്ചറുകൾ ഉണ്ടാക്കി പഞ്ചായത്ത് കമ്മിറ്റിയുടെ അനുവാദം വാങ്ങാതെ 5,90,340 രൂപ പാസാക്കി എടുത്തിരുന്നു. നടപ്പിലാക്കാത്ത പ്രവർത്തികൾക്ക് വ്യാജ വൗച്ചറുകൾ ഉണ്ടാക്കി പണം തട്ടിയെന്നായിരുന്നു പത്തനംതിട്ട വിജിലൻസ് യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസ്. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) രാജകുമാര എം.വി ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വീണാ സതീശൻ ഹാജരായി.
കോഴിക്കോട് മുക്കം സ്വദേശിയായ പരാതിക്കാരന്, കുറ്റിപാലക്കൽ രാജീവ്ഗാന്ധി ദശലക്ഷം ഉന്നതിയിലെ, തന്റെയും മറ്റ് 5 പേരുടേയും വീടുൾപ്പടെയുള്ള സ്ഥലത്തിന് പട്ടയം അനുവദിക്കാൻ അനുകൂലമായ റിപ്പോർട്ട് നൽകാൻ താഴേക്കോട് മുൻ വില്ലേജ് ഓഫീസറായിരുന്ന മനോജ് തോമസ്, 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഇത് കൈപ്പറ്റവേ 2014 ൽ കോഴിക്കോട് വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടിയിരുന്നു. എൻക്വയറി കമ്മീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് (വിജിലൻസ്) ഷിബു തോമസ് ആണ് വിധി പുറപ്പെടുവിച്ചത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അരുൺ നാഥ് ഹാജരായി.പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam