
മലമ്പുഴ: പാലക്കാട് എസ്എഫ്ഐ മുൻ ജില്ലാ നേതാവിനെതിരെ സിപിഎം നേതാവ് സമൂഹ മാധ്യമങ്ങളിലൂടെ വധഭീഷണി ഉയർത്തിയതായി പരാതി. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായിരുന്ന പുതുശ്ശേരി ഏരിയ മുൻ സെക്രട്ടറി കെ.എസ്. അഭിശാന്താണു മലമ്പുഴ പൊലീസിൽ പരാതി നൽകിയത്. പരിശോധിച്ച് പ്രതികരിക്കുമെന്ന് പാർട്ടി പ്രാദേശിക നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞ മാസമാണ് അഭിശാന്തിനെ എസ്എഫ്ഐയിൽ നിന്ന് വ്യക്തിപരമായ കാരണങ്ങളാൽ താൽക്കാലികമായി മാറ്റി നിർത്തിയത്.
പിന്നാലെ ഡിവൈഎഫ്ഐ, സിപിഎം, സിഐടിയു തുടങ്ങിയ കമ്മിറ്റികളിലെ അംഗത്വവും അഭിശാന്ത് രാജിവച്ചു. ഇതിനു ശേഷമാണു സിപിഎം നേതാവിന്റെ ഭീഷണിയെന്നാണ് പരാതിയിൽ പറയുന്നത്. പാർട്ടിയിലേക്കു തിരിച്ചെത്തിയാൽ കൊലപ്പെടുത്തുമെന്ന് കൊടൂമ്പ് ലോക്കൽ കമ്മിറ്റി അംഗമായ സിപിഎം നേതാവ് സമൂഹ മാധ്യമ ഗ്രൂപ്പുകൾ വഴിയും നേരിട്ടും സന്ദേശമയച്ചെന്നാണ് അഭിശാന്തിന്‍റെ പരാതി.
പെൺകുട്ടികളെ കമൻറടിച്ചത് ചോദ്യം ചെയ്തതാണ് നേതാവിന്റെ വിരോധ കാരണമെന്നാണ് അഭിശാന്ത് പറയുന്നത്. പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. കോടതിയെ സമീപിപ്പിക്കാനാണ് പൊലീസ് നിർദേശം നൽകിയിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം