
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രി - പാറ്റൂർ റോഡിൽ കാർ നിയന്ത്രണം വിട്ട് ഡിവൈഡർ മറികടന്ന് ബൈക്കിലും ഓട്ടോറിക്ഷയിലും ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരന്‍റെ നില അതീവ ഗുരുതരം.
ജനറൽ ആശുപത്രി ഭാഗത്തുനിന്ന് പാറ്റൂരേക്ക് അമിതവേഗതയിൽ വന്ന വെള്ള ഫിയറ്റ് കാർ പാറ്റൂർ റോഡിൽ സെമിത്തേരിക്ക് എതിർവശത്ത് വെച്ച് റോഡിലെ ഡിവൈഡർ മറികടന്ന് എതിർ ട്രാക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടർന്ന് അടുത്ത ട്രാക്കിലൂടെ വന്ന ബൈക്ക് യാത്രക്കാരനെ കാർ ശക്തമായി ഇടിച്ചു. പിന്നാലെ പാറ്റൂർ ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോറിക്ഷയിലും കാർ ഇടിച്ചുകയറി.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരന്‍റെ കാൽ അറ്റ് സമീപത്തെ സെമിത്തേരി പറമ്പിലേക്ക് തെറിച്ചുവീണ നിലയിലാണ് കണ്ടെത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരനെയും ഓട്ടോയിലുണ്ടായിരുന്ന മൂന്നുപേരെയും ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻഭാഗം തകർന്ന കാറിൽ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇവർക്ക് പരിക്കുണ്ടായില്ല. പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam