സ്കൂളിലേക്ക് അനിയനുമായി പോവുകയായിരുന്ന പതിനാലുകാരിയെ അച്ഛന്‍റെ സുഹൃത്തെന്ന് പറഞ്ഞു വാഹനത്തിൽ കയറ്റികൊണ്ട് പോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈന് ശിക്ഷ വിധിച്ചു.

തിരുവനന്തപുരം: സ്കൂളിലേക്ക് അനിയനുമായി പോവുകയായിരുന്ന പതിനാലുകാരിയെ അച്ഛന്‍റെ സുഹൃത്തെന്ന് പറഞ്ഞു വാഹനത്തിൽ കയറ്റികൊണ്ട് പോയി ലൈംഗിക അതിക്രമം നടത്തിയ കേസിൽ പത്തനംതിട്ട പന്തളം സ്വദേശി സദ്ദാം ഹുസൈന് (35) യെ 13 വർഷം കഠിന തടവിനും 40,000 രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചു. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാത്ത പക്ഷം മൂന്നു വർഷം ഒൻപത് മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം.

2025 ജനുവരി 24നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവദിവസം രാവിലെ 7.45 ന് സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന അതിജീവിതയുടെയും അനുജന്‍റെയും അടുത്തേക്ക് ബൈക്കിൽ എത്തിയ പ്രതി കുട്ടികളുടെ അച്ഛന്‍റെ സുഹൃത്താണെന്ന് പരിചയപ്പെടുത്തി സ്കൂളിൽ കൊണ്ട് ചെന്ന് ആക്കാം എന്ന് പറഞ്ഞു ബൈക്കിൽ കയറ്റി. അനുജനെ പകുതി വഴിയിൽ ഇറക്കിയശേഷം ചോക്ലേറ്റ് വാങ്ങിത്തരാം എന്ന് പറഞ്ഞു പെൺകുട്ടിയെ കടയിൽ എത്തിച്ച് ചോക്ലേറ്റ് വാങ്ങി വരുന്ന വഴിയാണ് ലൈഗീകാതിക്രമം നടത്തിയത്.

പുറത്ത് പറഞ്ഞാൽ കൊന്ന് കളയും എന്ന് പറഞ്ഞു കുട്ടിയ ഭാഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് തിരിച്ച് എത്തി അനിയനെയും കയറ്റി സ്കൂളിൽ കൊണ്ട് വിട്ടു. വീട്ടുകാരുടെ സമ്മതമില്ലാതെ മറ്റൊരാളുടെ ബൈക്കിൽ കയറിയതിന് വീട്ടുകാർ വഴക്ക് പറയും എന്നതും പ്രതിയുടെ ഭീഷണിയും ഭയന്ന് കുട്ടി സംഭവം ആദ്യം പുറത്ത് പറഞ്ഞില്ല. സംഭവത്തിന് ശേഷം കുട്ടിയുടെ മനോനിലയിൽ മാറ്റമുണ്ടായത് ശ്രദ്ധിച്ച കൂട്ടുകാരി വിവരം അന്വേഷിച്ച് സ്കൂളിൽ പറഞ്ഞാണ് വിവരം പുറത്തറിയുന്നത്.

സമാനമായ മറ്റൊരു കേസും പ്രതിക്ക് എതിരെ ഇതേ കോടതിയിൽ വിചാരണ നടക്കുന്നുണ്ട്. 12 കാരിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി കോടതി പ്രതിയെ നേരത്തെ ശിക്ഷിച്ചിട്ടിണ്ട്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ . ആർ എസ് വിജയ് മോഹൻ, അഭിഭാഷകാരായ ബിന്ദു വി സി, സുരഭി പി, എന്നിവർ ഹാജരായി. തുമ്പ പൊലീസ് ഇൻസ്‌പെക്ടർ ബിനു ആർ, സബ് ഇൻസ്പെക്ടർ ബിജു ആർ എന്നിവർ ആണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 31 സാക്ഷികളെ വിസ്തരിച്ചു 41 രേഖകളും 8 തൊണ്ടിമുതലും ഹാജരാക്കി.