
ചേര്‍ത്തല: തിരുവനന്തപുരത്ത് അറസ്റ്റിലായ അന്താരാഷ്ട്ര മോഷ്ടാക്കളായ ഇറാൻ സ്വദേശികളെ ചേർത്തല പൊലീസ് സ്റ്റേഷനിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാപാര സ്ഥാപനത്തിൽ നിന്നും ക്യാഷ് കൗണ്ടറില്‍ വിദേശ കറന്‍സി മാറാനെന്ന വ്യാജേനയെത്തി പണം അപഹരിച്ച കേസില്‍ നാല് ഇറാന്‍ സ്വദേശികളായ മജീദ് സഹേബിയാസിസ് (32), ഇനോലാഹ് ഷറാഫി (30), ദാവൂദ് അബ്‌സലന്‍ (23), മോഹ്‌സെന്‍ സെതാരഹ് (35) എന്നിവരാണ് ബുധനാഴ്ച പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ ചേര്‍ത്തല വാരനാട് ഭാഗത്തുള്ള ചേർത്തല - തണ്ണീർമുക്കം റോഡിൽ വാരനാട് കവലയ്ക്ക് സമീപം ചെറുപുഷ്പം മെറ്റല്‍ ഏജന്‍സീസില്‍ നിന്ന് പണം തട്ടിയെടുത്തത്. സ്ഥാപനത്തില്‍ എത്തിയ ഇവര്‍ വിദേശ കറന്‍സി കാണിച്ച് ഇന്ത്യന്‍ രൂപയാക്കി മാറി തരണമെന്ന് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ശ്രദ്ധ തിരിച്ച ശേഷം കടയില്‍ നിന്ന് വാങ്ങിയ 2000 ന്റെ നോട്ടുകെട്ടില്‍ നിന്ന് 17 നോട്ടുകള്‍ കൈവശപ്പെടുത്തി മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തില്‍ കടന്നുകളയുകയുമായിരുന്നു.
കടയുടമയുടെ പരാതിയെ തുടര്‍ന്ന് എത്തിയ പോലീസ് കടയിലേയും സീപത്തെയും സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതികളുടെയും ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെയും ദൃശ്യങ്ങള്‍ ലഭിച്ചതോടെ സംസ്ഥാനത്തെ മറ്റ് പോലീസ് സ്‌റ്റേഷനുകളിലേക്ക് സന്ദേശം കൈമാറി. തുടര്‍ന്ന് തിരുവനന്തപുരം സിറ്റി ഷാഡോ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലിലുള്ളതായി വിവരം ലഭിച്ചു. പോലീസിന്റെ സഹായത്തോടെ പ്രതികള്‍ കടന്ന് കളയാതിരിക്കാന്‍ കാവല്‍ ഏര്‍പ്പെടുത്തിയ ശേഷം ചേര്‍ത്തലയില്‍ നിന്നുള്ള പോലീസ് സംഘം ഇവിടെയെത്തി പ്രതികളെ കസ്റ്റഡിയിലെടുത്ത് ചേര്‍ത്തലയിലെത്തിക്കുകയായിരുന്നു.
പ്രതികളെ പീന്നീട് കടയിലെത്തിച്ച് തെളിവെടുത്തു. ലോക്ക് ഡൗണിന് മുന്‍പ് ഇറാനിലെ ടെഹ്‌റാനില്‍ നിന്ന് ദില്ലിയില്‍ എത്തിയ പ്രതികള്‍ മൂന്ന് മാസം മുന്‍പ് 70000 രൂപ മുടക്കി കാര്‍ വാങ്ങി യാത്ര തിരിച്ചത്. ബാംഗ്ലൂര്‍, മധുര വഴി കഴിഞ്ഞ പത്തിനാണ് കേരളത്തില്‍ എത്തിയത്. പ്രതികള്‍ സഞ്ചരിച്ച വഴികളിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണം വിപുലീകരിക്കാനും നീക്കം തുടങ്ങി. ഇവര്‍ അപഹരിച്ച 34000 രൂപയ്ക്ക് ഇറാനില്‍ രണ്ട് കോടിയോളം രൂപയുടെ മൂല്യമുണ്ടെന്നും ഡിസംബര്‍ വരെ പ്രതികള്‍ക്ക് വിസ കാലാവധിയുണ്ടെന്നും പോലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam