
അമ്പലപ്പുഴ: പളളിയിൽ പ്രാർത്ഥനക്കെത്തിയവരുടെ സ്കൂട്ടറില്‍ നിന്നും പണം അപഹരിച്ച യുവാക്കള്‍ പിടിയില്‍. ആലപ്പുഴ മുല്ലാത്ത് വാർഡ് മുല്ലാത്ത് വളപ്പ് വീട്ടിൽ ഷംനാസ് (മുഹമ്മദ് ഷാ (20), തിരുവമ്പാടി ഫാത്തിമ മൻസിലിൽ അഫ്രീദ് (19), ഇരവുകാട് എ എ മൻസിലിൽ ആലുവ വാടാപ്പുഴ തായിക്കാട്ടുകര വീട്ടിൽ വാടകക്ക് താമസിക്കുന്ന ഷുഹൈബ് (കിച്ചു (20), ഇരവുകാട് മാളികപ്പറമ്പ് വീട്ടിൽ അൻവർ ഷാഫി (18) എന്നിവരെയാണ് പുന്നപ്ര എസ് ഐ കെ രാജൻബാബുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്. ഇവര്‍ നിരവധി മോഷണ കേസുകളിൽ പ്രതികളാണെന്ന് പുന്നപ്ര പൊലീസ് വ്യക്തമാക്കി.
പുന്നപ്ര മാർക്കറ്റ് ജംങ്ഷന് പടിഞ്ഞാറ് ജസ്ന മൻസിലിൽ നിസാറി (48)ന്റെ സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന 78 000 രൂപ മോഷ്ടിച്ച കേസിന്റെ അന്വഷണത്തിനിടയിലാണ് നാല് ദിവസം മുമ്പ് കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷായും, നാലാം പ്രതി ഷാഫിയും അറസ്റ്റിലായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് രണ്ടാം പ്രതി അഫ്രീദ്, മൂന്നാം പ്രതി ഷുഹൈബ് എന്നിവരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
ഇതിനിടെ ചൊവ്വാഴ്ച രാത്രി പൊലീസ് പെട്രോളിങ്ങിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട അഫ്രീദ്, ഷുഹൈബ് എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോൾ അരൂരിൽ നിന്നും മോഷ്ടിച്ച ബൈക്കാണന്ന് പൊലീസ് കണ്ടെത്തി. തുടർന്നു നടത്തിയ അന്വഷണത്തിൽ കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, അമ്പലപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിൽ വിവിധ മോഷണ കേസിൽ ഇവർ പ്രതികളാണന്ന് കണ്ടെത്തി.
പള്ളിയിൽ പ്രാർത്ഥനക്കെത്തുന്നവരുടെ സ്കൂട്ടറിന്റെ സീറ്റിനു താഴെ സൂക്ഷിച്ചിട്ടുളള പണവും മറ്റ് സാധനങ്ങളും സ്ഥിരമായി മോഷ്ടിക്കാറുണ്ടന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ജൂൺ മാസത്തിൽ പുന്നപ മാർക്കറ്റ് ജങ്ഷനുകിഴക്കുഭാഗത്തുള്ള പുന്നപ്ര പറവൂർ ഷെഫുൽ ഇസ്ലാം പളളിയിൽ പ്രാർത്ഥനക്കെത്തിയപ്പോഴാണ് നിസാറിന്റെ സ്കൂട്ടറിൽ നിന്ന് 78,000 രൂപ മോഷ്ടിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് കേസിലുൾപ്പെട്ട മുഴുവൻ പ്രതികളും പിടിയിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam