
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഇക്കാര്യം വെളിപ്പെടുത്തിയാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. അഞ്ചുതെങ്ങ് പൊലീസ് ആണ് ഇവരെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീടിന് സമീപം താമസിച്ചിരുന്നവരായിരുന്നു പ്രതികൾ. ഇവർ പെൺകുട്ടിയുടെ അകന്ന ബന്ധുക്കളുമാണ്. കൊവിഡിന്റെ ഭാഗമായി വന്ന ലോക്ക്ഡൗൺ സമയത്ത്, പ്രതികൾ പെൺകുട്ടിയെ ഒഴിഞ്ഞുകിടന്ന കെട്ടിടത്തിന്റെ ടെറസിലും, പ്രദേശത്തുള്ള ചെറിയ ടെന്റിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.
പെൺകുട്ടിയുടെ മാതാപിതാക്കൾ സംഭവം മൂടിവെക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ കൊവിഡിന് ശേഷം പെൺകുട്ടി തിരികെ സ്കൂളിൽ എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അസാധാരണവും വിചിത്രവുമായുള്ള പെൺകുട്ടിയുടെ പെരുമാറ്റമാണ് അധ്യാപകരിൽ സംശയം ഉയർത്തിയത്. സംഭവത്തെ തുടർന്ന് പെൺകുട്ടിയോട് അധ്യാപകർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നടന്ന കാര്യങ്ങൾ എല്ലാം പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് സ്‌കൂൾ അധികൃതർ പോലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരമറിയിച്ചു. പെൺകുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കുകയും ചെയ്തു. മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന പ്രതികളെ വിവിധ സ്ഥലങ്ങളിൽ നിന്ന് പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി. ഇവരെ റിമാൻഡ് ചെയ്തു.
Read more: നഷ്ടമായത് മൊബൈലുകളും സ്വർണ്ണവും പണവും, വാതിൽ പൊളിച്ചും പൂട്ട് തകർത്തും മണ്ണാർക്കാട്ട് പരക്കെ മോഷണം
അതേസമയം, കൊല്ലം പത്തനാപുരത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അറസ്റ്റിലായി. പത്തനാപുരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.എസ് വിനോദാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജൂലൈ 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ഡ്രൈവിങ്ങ് ടെസ്റ്റിനിടെ പട്ടാഴി ചെളിക്കുഴി എന്ന സ്ഥലത്തെത്തിയപ്പോൾ വിനോദ് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഇരുപത്തിരണ്ടുകാരി നൽകിയ പരാതിയിൽ പത്തനാപുരം പൊലീസ് അന്നുതന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ മുൻകൂർ ജാമ്യം തേടി ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി ഇത് തള്ളി.
കഴിഞ്ഞ ഒരാഴ്ച്ചയായി ഒളിവിലായിരുന്ന പ്രതി ഇന്ന് രാവിലെ പുനലൂർ ഡി.വൈ.എസ്.പി ബി വിനോദിന്‍റെ മുൻപാകെ ഹാജരാവുകയായിരുന്നു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി സംഭവ സ്ഥലത്ത് എത്തി പൊലീസ് തെളിവെടുത്തു. നേരത്തേ പെണ്‍കുട്ടി നൽകിയ പരാതിയിൽ ഇയാളെ മോട്ടോർവാഹന വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam