
കോഴിക്കോട്: ഓണാഘോഷത്തിന്റെ ഭാഗമായി കളര്‍ ഡ്രസ് ധരിച്ചതിന് വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സംഭവം കെട്ടടങ്ങുന്നതിന് മുന്‍പ് കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വീണ്ടും റാഗിംഗ് പരാതി. സ്‌കൂളിലെ ശുചിമുറിയില്‍ വെച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്‌തെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. തുടര്‍ന്ന് നാല് കുട്ടികളെ അധികൃതര്‍ സസ്‌പെന്റ് ചെയ്തു. അതിക്രമത്തിന് ഇരയായ വിദ്യാര്‍ത്ഥിയുടെ പ്രതികരണം പുറത്തുവന്നിട്ടുണ്ട്.
കളര്‍ ഡ്രസ് ധരിച്ചുവന്നതിന് പത്താം ക്ലാസില്‍ പഠിക്കുന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് തന്നെ ശുചിമുറിയിലേക്ക് കൊണ്ടുപോയി റാഗ് ചെയ്തുവെന്ന് പരാതിക്കാരനായ വിദ്യാര്‍ത്ഥി പറയുന്നു. തന്നെ മാനസികമായി തകര്‍ത്തതായും പണം ആവശ്യപ്പെട്ടതായും വിദ്യാര്‍ത്ഥി പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് നാല് കുട്ടികളെ സസ്‌പെന്റ് ചെയ്തത്. അതേസമയം പുതിയ സംഭവത്തിന് പിന്നാലെ നേരത്തേയുണ്ടായ റാഗംഗ് പരാതിയില്‍ ഇരകളായ മൂന്ന് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്നും ടി.സി വാങ്ങി പോവുകയാണെന്ന് അധികൃതരെ അറിയിച്ചതായാണ് ലഭിക്കുന്ന വിവരം.
ഓണാഘോഷത്തിന് മുന്നോടിയായി സ്‌കൂളില്‍ കളര്‍ കോഡ് ഡ്രസ് ധരിക്കുന്നതിനെച്ചൊല്ലിയാണ് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ ഇവിടെ നേരത്തേ തര്‍ക്കമുണ്ടായത്. ഓണാഘോഷത്തിന്റെ ഭാഗമായി കളര്‍ കോഡ് ഡ്രസ് ധരിച്ചെത്തിയ കുട്ടികളെ പത്താം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നത് കണ്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ഹിബാ ഫാത്തിമ ഈ സംഭവം അധ്യാപകരെ അറിയിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് ഇതിന്റെ പ്രതികാരമെന്നോണം അവധിക്ക് ശേഷം സ്‌കൂള്‍ തുറന്ന സമയത്ത് ഹിബഫാത്തിമയെ ക്രൂരമായി മര്‍ദിച്ചു എന്നാണ് പരാതി ഉയര്‍ന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam