മൂവാറ്റുപുഴ പുളിഞ്ചോട് മൊബൈൽ ടവറിൽ നിന്ന് കോപ്പർ കേബിളുകൾ മോഷ്ടിച്ച അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ടവറുകൾ കേന്ദ്രീകരിച്ച് രാത്രികാല പട്രോളിംഗ് ശക്തമാക്കിയതിന് പിന്നാലെയാണ് പ്രതി പിടിയിലായത്. ഒരാഴ്ചക്കിടെ സമാനമായ കേസിൽ രണ്ടാമത്തെയാളാണ് അറസ്റ്റിലാകുന്നത്.

മൂവാറ്റുപുഴ: മൊബൈൽ ടവറിലെ കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തിയയാൾ മൂവാറ്റുപുഴ പൊലീസിൻെറ പിടിയിൽ. ആസ്സാം നാഗോൺ സ്വദേശിയായ സഫികൾ അലി (37) യെ ആണ് മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻ ബിജുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്.

മൂവാറ്റുപുഴ പുളിഞ്ചോട് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇൻടസ് മൊബൈൽ ടവറിലെ ഷെൽട്ടർ റൂമിൽ അതിക്രമിച്ച് കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തുകയായിരുന്നു. ടവറുകളിൽ നിന്ന് കോപ്പർ കേബിളുകൾ മുറിച്ച് മോഷ്ടിച്ച് കൊണ്ടുപോകുന്നത് തടയാൻ മൂവാറ്റുപുഴ ഡിവൈഎസ്പി കെ ആർ മനോജിൻെറയും സർക്കിൾ ഇൻസ്പെക്ടർ എം എസ് ഫൈസലിൻെറയും നിർദ്ദേശാനുസരണം പൊലീസ് ടവറുകൾ കേന്ദ്രീകരിച്ച് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴ ടൌൺ ഭാഗത്തുള്ള ടവറിൽ നിന്ന് കോപ്പർ കേബിളുകൾ മുറിച്ചെടുത്ത് മോഷണം നടത്തിയ അസം നാഗോൺ സ്വദേശിയായ മാസും അഹമ്മദിനെ (20) പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ഒരാഴ്ചയായി രണ്ടാമത്തെ ആളാണ് സമാന മോഷണത്തിന് പിടിയിൽ ആകുന്നത്.