
തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിലെ നാലുവയസ്സുകാരന്റെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നെന്ന ആരോപണവുമായി ബന്ധുക്കൾ. ഗോവ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ നാല് വയസ്സുകാരൻ അനിരുദ്ധ് ആണ് മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു മരണം. മലയിൻകീഴ് മലയത്ത് പ്ലാങ്ങോട്മുകൾ അശ്വതി ഭവനിൽ അനീഷിന്റെയും അശ്വതിയുടെയും മകനാണ് അനിരുദ്ധ്.
കഴിഞ്ഞ ഉത്രാടദിനത്തിൽ അനീഷും കുടുംബവും ഗോവയിൽ പോയിരുന്നു. അതിന് ശേഷം തിരികെയെത്തിയപ്പോഴാണ് കുട്ടിക്ക് അസ്വസ്ഥത ഉണ്ടായത് എന്നാണ് ബന്ധുക്കൾ പറയുന്നത്. ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലും പ്രവേശിപ്പിച്ച് രക്തപരിശോധന അടക്കം നടത്തിയിരുന്നു. എന്നാൽ കാര്യമായ പ്രശ്നങ്ങളൊന്നും കണ്ടില്ല എന്നാണ് പറയുന്നത്. പ്രാഥമിക ചികിത്സക്ക് ശേഷം കുട്ടിയെ തിരികെ വീട്ടിലേക്ക് അയക്കുകയായിരുന്നു.
എന്നാൽ വീട്ടിലെത്തിയ കുട്ടി വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചു. തുടർന്ന് ഇന്ന് രാവിലെയാണ് കുട്ടിയുടെ മരണം സംഭവിക്കുന്നത്. ഭക്ഷ്യവിഷബാധയെറ്റാണ് മരണം എന്നത് അടക്കമുള്ള പരാതി പൊലീസിൽ നൽകിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മലയിൻകീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
മൂന്നാറില്‍ പൊലീസിന്റെ ക്യാമറകള്‍ പണിയെടുക്കാതായി; പഞ്ചായത്തിന്‍റെ ക്യാമറകള്‍ മിഴിതുറന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam