
ഇടുക്കി: പണം കടം വാങ്ങിയ വ്യക്തി അത് തിരികെ നൽകാതിരുന്നതോടെ അയാളുടെ സഹോദരന്റെ വീട്ടിൽനിന്ന് ഗൃഹോപകരണങ്ങളും പാസ്പോർട്ടും മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. കാഞ്ചിയാർ പഞ്ചായത്തിലെ കോവിൽമല തുളസിപ്പടി മുണ്ടാനത്ത് റോബിൻ(24) ആണ് പിടിയിലായത്. ഓഗസ്റ്റ് മൂന്നാം തീയ്യതി തുളസിപ്പടി മണ്ണഞ്ചേരി ജോബിന്റെ വീട്ടിലായിരുന്നു മോഷണം.
റോബിന്റെ കൈയിൽനിന്ന് ജോബിന്റെ ഇളയ സഹോദരൻ 50,000 രൂപ വായ്പയായി വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചിട്ട് ലഭിക്കാതെ വന്നതോടെയാണ് റോബിൻ മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറയുന്നു. ജോബിന്റെ വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. ടിവി, ഫ്രിഡ്ജ്, പാത്രങ്ങൾ, പാസ്പോർട്ട് എന്നിവയാണ് റോബിനും മറ്റൊരാളും ചേർന്ന് മോഷ്ടിച്ചു കടത്തിയത്. ഗൃഹോപകരണങ്ങളെല്ലാം ആക്രി കടയിൽ വിൽക്കുകയും ചെയ്തു.
പിതാവുമായി ആശുപത്രിയിലായിരുന്ന ജോബിൻ തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകി. പാലായിലെ കള്ളുഷാപ്പിലെ ജീവനക്കാരനായ റോബിനെ ഡിവൈഎസ്‍പി വി.എ നിഷാദ് മോൻ, എസ്എച്ച്ഒ ടി.സി മുരുകൻ, എസ്.ഐ ലിജോ പി. മണി, സിപിഒമാരായ മനു പി.ജോസ്, പി.വി രാജീവ് എന്നിവർ ഉൾപ്പെട്ട സംഘം പിടികൂടി കോടതിയിൽ ഹാജരാക്കി. കൂട്ടുപ്രതിക്കായി അന്വേഷണം പുരോഗമിക്കുകയാണ്.
Read also: ശുചിമുറിയില്‍ പോകാന്‍ വിലങ്ങ് അഴിച്ചപ്പോള്‍ ഓടിരക്ഷപ്പെട്ട് കഞ്ചാവ് കേസ് പ്രതി; നാട്ടുകാര്‍ പിടികൂടി
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam