മൂന്നാര്‍ ടൗണിലും സമീപപ്രദേശങ്ങളിലുമായി 16 ക്യാമറകളാണ് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്നത്

മൂന്നാര്‍: മൂന്നാറിലെ വിനോദ സഞ്ചാര മേഖലയുടെ സുരക്ഷയുടെ ഭാഗമായി പൊലീസ് സ്ഥാപിച്ച 12 ക്യാമറകള്‍ മിഴിയടച്ചതോടെ നിരീക്ഷണം ഏറ്റെടുത്ത് മൂന്നാര്‍ പഞ്ചായത്ത്. മൂന്നാര്‍ ടൗണിലും സമീപപ്രദേശങ്ങളിലുമായി 16 ക്യാമറകളാണ് പഞ്ചായത്ത് സ്ഥാപിച്ചിരിക്കുന്നത്. 

മുതിരപ്പുഴയിലേക്ക് മാലിന്യം തള്ളുന്നവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് ഭരണ സമിതി ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയത്. നല്ലതണ്ണി കവല, പോസ്‌റ്റോഫീസ് കവല, മൂന്നാര്‍ ടൗണ്‍, ആര്‍ഒ ജംഗ്ക്ഷന്‍, പഴയ മൂന്നാര്‍, പെരിയവാര കവല എന്നിവിടങ്ങളിലും വിനോദസഞ്ചാരികള്‍ ഏറെയെത്തുന്ന ഭാഗങ്ങളിലുമാണ് പ്രധാനമായും ക്യാമറകളുടെ നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൊലീസിന്റെ 12 ക്യാമറകളും പണിമുടക്കി

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയുടെ ഭാഗമായി മൂന്നാര്‍ ടൗണില്‍ പൊലീസ് 12 ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. ക്യാമറകള്‍ സ്ഥാപിച്ചതോടെ മൂന്നാര്‍ ടൗണില്‍ അക്രമങ്ങള്‍ കുറഞ്ഞെന്നാണ് റിപ്പോര്‍ട്ട്. ട്രാഫിക് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായകരമാകുകയും ചെയ്തു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടതോടെ ക്യാമറകളുടെ പ്രവര്‍ത്തനം നിലച്ചു. 

മൂന്നാര്‍ പഞ്ചായത്ത് സ്ഥാപിച്ച 28 ക്യാമറകള്‍ വഴിയാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പൊലീസ് മൂന്നാറില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടതോടെ പഞ്ചായത്തിന്റെ ക്യാമറകളും മിഴിയടച്ചു. ഇതോടെ മൂന്നാര്‍ ടൗണില്‍ പൊലീസിന്റെ നിരീക്ഷണം പൂര്‍ണ്ണമായി ഇല്ലാതായി. 

കോണ്‍ഗ്രസ് ഭരണ കാലത്ത് സ്ഥാപിച്ച ക്യാമറകള്‍ക്ക് പകരമായാണ് ടൗണില്‍ പഞ്ചായത്ത് വീണ്ടും 16 പുതിയ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണ ക്യാമറ നിരീക്ഷണം പഞ്ചായത്ത് ഓഫീസില്‍ മാത്രമാക്കി ചുരുക്കി. പൊലീസിന് ക്യാമറ കണ്ണുകളിലൂടെ മൂന്നാറിനെ വീക്ഷിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടില്ല. പൊലീസ് വകുപ്പിന് മാത്രമായി സ്ഥാപിച്ച 12 ക്യാമറകളെ പ്രവര്‍ത്തന സജ്ജമാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് പരാതി.