
സുൽത്താൻ ബത്തേരി: വയനാട്ടിൽ വിവിധ കേസുകളിലായി ന്യൂജെൻ മയക്കുമരുന്നുമായി നാല് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്പലവയിനടുത്തുള്ള പട്ടരുപടിയിൽ നിന്നുമാണ് മൂന്ന് പേർ പിടിയിലായത്. അമ്പലവയൽ സ്വദേശികളായ കുറ്റിക്കൈത തടിയപ്പിള്ളിൽ വീട്ടിൽ ആൽബിൻ (20), കുമ്പളേരി ചുള്ളിക്കൽ വീട്ടിൽ ബേസിൽ സിബി (24), കുമ്പളേരി താഴേത്തെക്കുടി വീട്ടിൽ അഭിഷേക് (24) എന്നിവരെയാണ് ബത്തേരി പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്.
ജൂൺ ആറിന് വെള്ളിയാഴ്ച്ച രാത്രിയിൽ പട്ടരുപടി എന്ന സ്ഥലത്ത് സംശയസ്‌പദമായി കണ്ട ഇവരെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ ആൽബിന്റെ കൈവശം 9.57 ഗ്രാമും, സിബിയിൽ നിന്നും0.63 ഗ്രാമും, അഭിഷേകിൽ നിന്നും 0.59 ഗ്രാമും വീതം എംഡിഎംഎയാണ് കണ്ടെടുത്തത്. ബത്തേരി സബ് ഇൻസ്‌പെക്ടർ പി.പി വിജയന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രദേശത്ത് ലഹരി ഉപയോഗം കൂടുതലാണെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.
അതിനിടെ കൽപ്പറ്റ ഫാത്തിമ നഗർ സ്വദേശിയും എംഡിഎംഎയുമായി പിടിയിലായി. കൽപ്പറ്റ ഫാത്തിമ നഗർ തെക്കും തല വീട്ടിൽ ലിബിൻ ആന്റണി (24) യെയാണ് കൽപ്പറ്റ പൊലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് ലിബിനും അറസ്റ്റിലാകുന്നത്. കൽപ്പറ്റ ബൈപ്പാസിൽ വച്ച് സംശയസ്‌പദമായി കണ്ട ഇയാളെ പരിശോധിച്ചതിൽ പാന്റിന്റെ ഇടത് പോക്കറ്റിൽ നിന്നും 0.38 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയായിരുന്നു. കൽപ്പറ്റ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.