
കൊച്ചി: കിഴക്കമ്പലം പഞ്ചായത്തിൽ പൊട്ടിപ്പോളിഞ്ഞ് താറുമാറായി കിടക്കുന്ന ഏക റോഡ് പിഡബ്ല്യുഡിയുടെ അധീനതിയിലുള്ള കിഴക്കമ്പലം പോഞ്ഞാശ്ശേരി റോഡാണെന്ന് ട്വന്റി20 നേതാവ് സാബു എം ജേക്കബ്. എംഎൽഎയും ഇടതുസർക്കാരുമാണ് ഇതിന് ഉത്തരവാദികൾ. സ്വന്തം അധീനതയിലുള്ള റോഡ് നന്നാക്കാൻ കഴിവില്ലാത്ത എംഎൽഎയാണ് പഞ്ചായത്തിന്റെ അധീനതയിലുള്ള കിഴക്കമ്പലം ബസ്സ്റ്റാന്റിൽ കയറി ഗുണ്ടായിസം കാണിക്കുന്നത്. രണ്ട് മാസത്തിനകം കേരളത്തിലെ ഏറ്റവും മികച്ചതും മാതൃകാപരവുമായ ഫൈവ് സ്റ്റാർ സൗകര്യങ്ങളുള്ള ബസ് സ്റ്റാന്റായി കിഴക്കമ്പലം മാറും. കിഴക്കമ്പലത്തിലൂടെ സഞ്ചരിക്കുന്ന ഏതൊരാൾക്കും അവിടെ തുടങ്ങുന്ന റസ്റ്റോറന്റിൽ നിന്നും ഉച്ച ഭക്ഷണം സൗജന്യമായി ലഭിക്കുമെന്നും സാബു ജേക്കബ് പറഞ്ഞു.
കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെയും മെമ്പറെയും സിപിഎം പ്രവർത്തകർ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കിഴക്കമ്പലത്ത് സംഘടിപ്പിച്ച പ്രതിഷേധ റാലി കിറ്റെക്‌സ് ഗ്രൗണ്ടിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിലങ്ങ് അമ്പലപ്പടിയിൽ നിന്നുമാണ് റാലി ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും കുന്നത്തുനാട് എംഎൽഎയുടെയും ഭീഷണിക്ക് മുന്നിൽ കീഴടങ്ങുന്ന പാർട്ടിയല്ല ട്വന്റി 20യെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധ യോഗത്തിൽ, കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, വാർഡ് മെമ്പർ അമ്പിളി വിജിൽ, വൈസ് പ്രസിഡന്റ് വിൻസി അജി, ബോബി എം.ജേക്കബ്, വി.ഗോപകുമാർ, ബെന്നി ജോസഫ്,അഡ്വ.ചാർളി പോൾ, ജിബി അബ്രാഹം, കുഞ്ഞുമുഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.
കിഴക്കമ്പലം പഞ്ചായത്തിന്റെയും സമീപ പഞ്ചായത്തുകളിലെയും ഭരണം ട്വന്റി20യെ ഏൽപ്പിച്ചത് ജനങ്ങളാണ്. ഇടത്-വലത് പാർട്ടിക്കാരുടെ കൊള്ളയ്‌ക്കെതിരെയാണ് ജനം വോട്ട് ചെയ്ത് ട്വന്റി 20യെ വിജയിപ്പിച്ചത്. ആ ജനങ്ങളോടുള്ള ഉത്തരവാദിത്തം സിപിഎമ്മിന്റെ ഗുണ്ടായിസത്തിന് മുന്നിൽ അടിയറവ് വയ്ക്കില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam