
തൃശൂര്‍: കാക്കിക്കുള്ളില്‍ പൊലീസ് മാത്രമല്ല, കാരുണ്യമുള്ള ഒരു ഹൃദയം കൂടി ഉണ്ടെന്ന് വീണ്ടും വീണ്ടും തെളിയിച്ചിരിക്കുകയാണ് അപര്‍ണ. അത്യാസന്ന നിലയില്‍ രോഗിയുമായി പോയ ആംബുലന്‍സിന് വഴി തെളിക്കാനായി, വാഹനങ്ങളുടെ ഇടയിലൂടെ ഓടിയ ആ പൊലീസുകാരി വര്‍ഷങ്ങള്‍ക്കു മുമ്പും കാരുണ്യം നിറഞ്ഞ പ്രവൃത്തികൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ സേവകയാണ്.
ചികിത്സയ്ക്കിടെ മരിച്ച ഒരു സ്ത്രീയുടെ മൃതദേഹം പണം ഇല്ലാത്തത് കാരണം ബന്ധുക്കള്‍ക്ക് വിട്ടുകിട്ടാതിരുന്നപ്പോള്‍ കൈയില്‍ കിടന്ന സ്വര്‍ണ വള ഊരി പണയം വയ്ക്കാന്‍ കൊടുത്തൊരു വാര്‍ നമ്മളാരും മറക്കാൻ ഇടയില്ല. അന്ന് ആ വലിയ മനസ് കാണിച്ച സഹജീവികളോടുള്ള കരുതൽ കാണിച്ച അതേ പൊലീസുകാരിയാണ് ഇന്ന് നമ്മൾ ഏറെ സന്തോഷത്തോടെ ചേര്‍ത്തുപിടിക്കുന്ന അപര്‍ണ. അതുപോലെ തന്നെ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ് നിര്‍മിക്കുന്നതിനായി മുടി മുറിച്ച് നല്‍കിയും അവര്‍ ശ്രദ്ധ നേടിയിട്ടുണ്ട്. നിലവില്‍ വനിതാ സ്റ്റേഷനിലെ എഎസ് ഐ ആണ് അപര്‍ണ ലവകുമാര്‍.
ഗതാഗതക്കുരുക്കിനിടെ അത്യാസന്ന നിലയില്‍ രോഗിയുമായി വന്ന ആംബുലന്‍സിന് മുന്നില്‍ ഓടി വഴിയൊരുക്കുന്ന അപര്‍ണയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നത്. തൃശൂര്‍ നഗരത്തിലെ അശ്വിനി ജംഗ്ഷനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജില്‍ നിന്ന് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സാണ് ഗതാഗതക്കുരുക്കില്‍പ്പെട്ടത്.
ഏറെ ദൂരം ഓടി മറ്റു വാഹനങ്ങളെ റോഡിന്റെ വശങ്ങളിലേക്ക് ഒതുക്കുകയും ആംബുലന്‍സിന് സുഗമമായി പോകാന്‍ വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് തന്റെ പരിശ്രമം അപര്‍ണ അവസാനിപ്പിച്ചത്. കേരള പൊലീസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും സംഭവം വീഡിയോ ദൃശ്യങ്ങള്‍ സഹിതം പങ്കുവച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam