
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന വയോജന ഉത്സവത്തിനായി ഫ്രീഡം സ്ക്വയറിലേക്കുള്ള കവാടം കെട്ടിയടച്ചത് വിവാദത്തിൽ. പന്നിക്കൂടിന് വയ്ക്കുന്ന ഗ്രിൽ വെച്ച് തടയുന്നതാരെയെന്ന് കോർപ്പറേഷനെ വിമർശിച്ചിരിക്കുകയാണ് മുൻ എംഎല്‍എ എ പ്രദീപ് കുമാർ. ആരാണ് ചെയ്തതെന്ന് അറിയില്ലെന്നാണ് മേയർ ബീന ഫിലിപ്പിന്റെ വിശദീകരണം.
ലോകത്ത് കണ്ടിരിക്കേണ്ട ആറ് മ്യൂസിയങ്ങളിൽ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടതാണ് കോഴിക്കോട്ടെ ഫ്രീഡം സ്ക്വയർ. കടലിനോട് ചേർന്ന് ചെങ്കല്ലിൽ കൊത്തിവെച്ച ചരിത്രം. വയോജന സൗഹൃദ നഗരം ബീച്ചിൽ അവർക്കായുത്സവം സംഘടിപ്പിക്കുമ്പോഴാണ്, ഭിന്നശേഷി സൗഹൃദവും സുന്ദരവുമായ ഫ്രീഡം സ്ക്വയര്‍ ചുറ്റുഭാഗവും കെട്ടിയടച്ച് വെച്ചത്.
"അവിടെ ഒരാള്‍ വാഹനമിറങ്ങിക്കഴിഞ്ഞാല്‍ സ്റ്റേജിലേക്ക് നടന്നുപോകാം, വീല്‍ചെയറില്‍ പോകാം, ഒരു സ്റ്റെപ്പും കയറാതെ പോകാം. അങ്ങനെ ക്രമീകരിച്ച സംഭവത്തെ കൊട്ടിയടച്ച് കുളമാക്കിയിരിക്കുയാണ്. ഇതാണ് അധികാര കേന്ദ്രങ്ങളുടെ സമീപനം. ഇന്‍ഫ്രാസ്ട്രക്ചര്‍ ഏതോ കമ്മിറ്റിയെ ഏല്‍പ്പിച്ചിട്ടുണ്ടാവും. ഉദ്യോഗസ്ഥ സംവിധാനം പ്രവര്‍ത്തിച്ചിട്ടുണ്ടാവും. അവരാണിത് ചെയ്തത്"- മുൻ എംഎൽഎ എ പ്രദീപ് കുമാര്‍ പറഞ്ഞു.
പ്രദീപ് കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ടരക്കോടി ചെലവാക്കിയാണ് രണ്ട് വർഷം മുന്‍പ് ഫ്രീഡം സ്ക്വയർ പണി പൂർത്തിയാക്കിയത്. സ്വാതന്ത്ര്യ ചത്വരമെന്ന് പേരും ഗ്രിൽ വെച്ചടച്ചതിന് മുകളിൽ സ്വാഗതമെന്ന് ബോർഡും. ആരാണ് ചെയ്തതെന്നറിയില്ലെന്ന് ഡിടിപിസി. ആരായാലും മോശമായിപ്പോയെന്ന് മേയറും വ്യക്തമാക്കി. ഫ്രീഡം സ്ക്വയറിലെ ഫ്രീഡം എന്നതിന്‍റെ അര്‍ത്ഥം അറിയാത്തവര്‍ ആരോ ആണ് അടച്ചിട്ടതെന്ന് മേയര്‍ പ്രതികരിച്ചു. ഇതിന്‍റെ ഭംഗിയും പ്രസക്തിയും ഇതിലെ ഫ്രീഡത്തിലാണെന്നും മേയര്‍ പറഞ്ഞു. വെച്ചതാരായാലും വേഗം മാറ്റണമെന്നാണ് ഉയരുന്ന ആവശ്യം. വയോജന സൗഹൃദ സെമിനാറുകളേക്കാൾ ഗുണം ചെയ്യും ഇത്തരം ഇടങ്ങള്‍ അവർക്കായി തുറന്ന് കൊടുക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam