
സുല്‍ത്താന്‍ബത്തേരി: ആത്മസുഹൃത്തുക്കൾ അപകടത്തിൽ മരിച്ചപ്പോൾ നൊമ്പരത്തിലായി നാട്. കഴിഞ്ഞ ദിവസം അമ്പലവയല്‍ ചുള്ളിയോട് റോഡില്‍ റസ്റ്റ് ഹൗസിന് സമീപം റോഡരികില്‍ കൂട്ടിയിട്ട വൈദ്യുതി കാലുകളിലിടിച്ച് ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച യുവാക്കളുടെ അന്ത്യയാത്രയിലാണ് ജന്മനാട് ഒന്നടങ്കം തേങ്ങിയത്. മീനങ്ങാടി മൂതിമൂല ചാലിശ്ശേരി സുധീഷ് (30), കോലമ്പറ്റ സുമേഷ് എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. അമ്പലവയലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സുധീഷും സുമേഷും. ഇത് കഴിഞ്ഞ് അമ്പലവയലില്‍നിന്ന് ആനപ്പാറ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. റസ്റ്റ് ഹൗസിന് മുന്‍വശത്തെ വളവില്‍വെച്ച് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതത്തൂണില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പ്ലംബിങ്, വയറിങ്, കബോര്‍ഡ് നിര്‍മാണം തുടങ്ങിയ ജോലികള്‍ ഒരുമിച്ചുചെയ്തിരുന്നവരാണ്. രണ്ടു കുടുംബങ്ങളുടെ അത്താണിയാണ് ആകസ്മികമായി വിടപറഞ്ഞ സുധീഷും സുമേഷും. ജോലി കഴിഞ്ഞുള്ള യാത്രകളിലും വിനോദങ്ങളിലുമെല്ലാം ഇരുവരെയും ഒരുമിച്ചാണ് എല്ലാവരും കണ്ടിരുന്നത്. ഇന്നലെ സുല്‍ത്താന്‍ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് പോസ്റ്റുമാര്‍ട്ടം നടപടികള്‍ കഴിഞ്ഞ് ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു. സുധീഷിന്റെയും സുമേഷിന്റെയും ആകസ്മിക മരണം ഉണ്ടാക്കിയ ഞെട്ടല്‍ ഇനിയും പ്രദേശവാസികളില്‍ പലര്‍ക്കും വിട്ടുമാറിയിട്ടില്ല. സുബ്രഹ്മണ്യനാണ് സുധീഷിന്റെ അച്ഛന്‍. അമ്മ: നിഷ. ഭാര്യ: അഖില. കോലമ്പറ്റ സോമന്റെയും സരസുവിന്റെയും മകനാണ് സുമേഷ്. സഹോദരങ്ങള്‍: പ്രിയ, സുമി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam