
കണ്ണൂർ: കിണർ വെള്ളത്തിൽ ഇന്ധന സാന്നിധ്യമുണ്ടെന്ന പള്ളിക്കുന്ന് ജയ് ജവാൻ റോഡ് നിവാസികളുടെ പരാതിയിൽ കണ്ണൂർ സെൻട്രൽ ജയിൽ നടത്തുന്ന പെട്രോൾ പമ്പിലെ ഇന്ധന ടാങ്കുകളുടെ സമ്മർദ്ദ പരിശോധനയുടെ പ്രാഥമിക നടപടികൾക്ക് തുടക്കം. സമ്മർദ്ദ പരിശോധനയുടെ ആദ്യപടിയായി ടാങ്കുകളിലെ ഇന്ധനം നീക്കം ചെയ്യാനാരംഭിച്ചു. ഇന്ധനം പൂർണ്ണമായും നീക്കിയശേഷം ബുധനാഴ്ചയോടെ ടാങ്കുകളിൽ വെള്ളം നിറച്ച് സമ്മർദ്ദ പരിശോധന നടത്തും. കെ വി സുമേഷ് എം എൽ എയുടെ സാന്നിധ്യത്തിലാണ് പ്രവൃത്തിക്ക് തുടക്കമിട്ടത്.
20000 ലിറ്റർ സംഭരണ ശേഷിയുള്ള മൂന്ന് ഇന്ധന ടാങ്കുകളാണ് പള്ളിക്കുന്ന് പെട്രോൾ പമ്പിൽ ഉള്ളത്. ഇവയിൽ ആദ്യത്തെ ടാങ്കിൽ നിന്നുള്ള ഇന്ധനമാണ് നീക്കം ചെയ്യാനാരംഭിച്ചത്. ഈ ടാങ്കിന്‍റെ സമ്മർദ്ദ പരിശോധന പൂർത്തിയായ ശേഷം വരും ദിവസങ്ങളിൽ ശേഷിക്കുന്ന രണ്ടു ടാങ്കുകളുടെയും സമ്മർദ്ദ പരിശോധന നടത്തും. എഡിഎം കലാ ഭാസ്‌കറിന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തുന്ന പമ്പിലെ മുഴുവന്‍ ടാങ്കുകളുടെ സമ്മർദ്ദ പരിശോധന ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കിണർ വെള്ളത്തിൽ ഇന്ധന സാന്നിധ്യമുണ്ടെന്ന ജയ് ജവാൻ റോഡ് നിവാസികളുടെ പരാതിയിൽ കെ വി സുമേഷ് എംഎല്‍എയുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു നടപടി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പള്ളിക്കുന്ന് ഡിവിഷൻ കൗണ്‍സിലര്‍ ദീപ്തി വിനോദ്, നാലാം ഡിവിഷൻ കൗൺസിലർ പി മഹേഷ്, ജയിൽ സൂപ്രണ്ട് കെ വേണു, അസിസ്റ്റന്‍റ് സൂപ്രണ്ടുമാരായ പി ടി സന്തോഷ്, പ്രദീപ്കുമാർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ സെയിൽസ് മാനേജർ കെ ഹസീബ്, റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി കെ സി ശ്രീജിത്ത് എന്നിവർ സന്നിഹിതരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam