
കോഴിക്കോട്: ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് നിര്‍മാണ ഫണ്ട് പിരിവില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് മണ്ഡലം കമ്മിറ്റിക്കെതിരെ നടപടി. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍ കുമാറാണ് താമരശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെ പിരിച്ചു വിട്ടതായി അറിയിച്ചത്. ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ വീഴ്ച വരുത്തുകയും നിരുത്തരവാദപരമായി സമീപനം സ്വീകരിക്കുകയും ചെയ്തതിനാണ് നടപടിയെന്ന് ഇതുസംബന്ധിച്ച കുറിപ്പില്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ഫണ്ട് ഏറ്റുവാങ്ങുന്നതിനായി ഡി.സി.സി പ്രസിഡന്റും സംഘവും ഇന്നലെ വൈകീട്ട് മണ്ഡലം കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നു. 3.6 ലക്ഷം ക്വാട്ടയായി നല്‍കിയതില്‍ 1.3 ലക്ഷം രൂപ മാത്രമാണ് കമ്മിറ്റി സമാഹരിച്ചത്. തുക കുറഞ്ഞതിനാല്‍ തന്നെ ഡി.സി.സി പ്രസിഡന്റ് കാര്യമായൊന്നും സംസാരിക്കാതെ ഇവിടെ നിന്നും മടങ്ങുകയായിരുന്നെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു.
എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ സ്ഥാനം രാജിവയ്ക്കുകയാണെന്ന് കാണിച്ച് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.സി നസീമുദ്ദീന്‍ വാട്സ്ആപ്പ് മുഖേന ഡി.സി.സി പ്രസിഡന്റിന് രാജി കൈമാറി. തുടര്‍ന്ന് ഫണ്ട് സമാഹരിക്കുന്നതില്‍ കാണിച്ച അലംഭാവം കണക്കിലെടുത്ത് എം.സി നസീമുദ്ദീന്‍ പ്രസിഡന്റായ മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായി ഡി.സി.സി പ്രസിഡന്റ് അറിയിക്കുകയായിരുന്നു.
അതേസമയം, കെ.കരുണാകരന്‍ സ്മാരക മന്ദിരം നിര്‍മ്മാണ ഫണ്ട് ശേഖരണം വിവിധ മണ്ഡലങ്ങളില്‍ നിന്ന് പ്രവീണ്‍ കുമാര്‍ സ്വീകരിച്ചു. കാക്കൂര്‍, നരിക്കുനി, ബാലുശേരി, കീഴരിയുര്‍, ചെറുവണ്ണൂര്‍, തുറയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഫണ്ട് ശേഖരണം പരിപാടിയിലാണ് പ്രവീണ്‍ കുമാര്‍ പങ്കെടുത്തത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam