Asianet News MalayalamAsianet News Malayalam

'4500 കോടി രണ്ട് ദിവസത്തിൽ, ഒരുങ്ങുന്നത് വമ്പൻ പദ്ധതികൾ'; കായിക രംഗത്തേക്കുള്ള നിക്ഷേപങ്ങളെ കുറിച്ച് മന്ത്രി

എട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളും നാല് ഫുട്‌ബോള്‍ അക്കാഡമികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കും.

v abdurahiman says about international sports summit kerala 2024
Author
First Published Jan 25, 2024, 9:48 PM IST

തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടി രണ്ടു ദിവസം പിന്നിട്ടപ്പോള്‍ 4500 കോടി രൂപയുടെ നിക്ഷേപം സംസ്ഥാനത്തിന് നേടാന്‍ കഴിഞ്ഞതായി മന്ത്രി വി. അബ്ദുറഹിമാന്‍. കേരളം വിഭാവനം ചെയ്യുന്ന കായിക സമ്പദ് വ്യവസ്ഥയ്ക്ക് ഊര്‍ജ്ജം പകരുന്ന വലിയ പദ്ധതികളാണ് ഈ നിക്ഷേപങ്ങളിലൂടെ വരിക. കൊച്ചിയില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്‌പോര്‍ട്‌സ് സിറ്റി പദ്ധതിക്കും കോഴിക്കോട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലെ പദ്ധതികള്‍ക്കുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ 1200 കോടി രൂപ നിക്ഷേപിക്കുമെന്ന് മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര ഉച്ചക്കോടിയുടെ ഭാഗമായി ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരള ഫുട്‌ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന് എട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്‌ബോള്‍ സ്റ്റേഡിയങ്ങളും നാല് ഫുട്‌ബോള്‍ അക്കാഡമികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കും. ഇതിനായി ഗ്രൂപ്പ് മീരാനും സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സും ചേര്‍ന്ന്  800 കോടി രൂപയുടെ നിക്ഷേപത്തിനു ധാരണയായി. കൊച്ചിയില്‍ 650 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കായിക സമുച്ചയമായ ലോഡ്‌സ് സ്‌പോര്‍ട്‌സ് സിറ്റിയാണ് മറ്റൊരു പദ്ധതി. വിവിധ കായിക ഇനങ്ങളേയും അനുബന്ധ ആക്ടിവിറ്റികളും ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ബൃഹദ് പദ്ധതിയാണിത്. അതിവേഗം വളരുന്ന ഇ-സ്‌പോര്‍ട്‌സ് രംഗത്തും മികച്ച നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്. നോ സ്‌കോപ്പ് ഗെയിമിങ് ഈ രംഗത്ത് കേരളത്തില്‍ 350 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ വലിയ വളര്‍ച്ച സാധ്യതകളുള്ള സാഹസിക കായിക വിനോദം, ജല കായിക വിനോദം എന്നീ രംഗങ്ങളില്‍ 200 കോടി രൂപയുടെ നിക്ഷേപം ഈ രംഗത്തെ മുന്‍നിരക്കാരായ ജെല്ലി ഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് വാഗ്ദാനം ചെയ്തതായും മന്ത്രി അറിയിച്ചു. 

കോഴിക്കോട് സ്റ്റേഡിയം വികസനവുമായി ബന്ധപ്പെട്ട് 450 കോടി രൂപയുടെ നിക്ഷേപം പ്രീമിയര്‍ ഗ്രൂപ്പുമായി ധാരണയായി. ഫുട്‌ബോള്‍ താരം സി.കെ. വിനീതിന്റെ നേതൃത്വത്തിലുള്ള തേര്‍ട്ടീന്‍ത് ഫൗണ്ടേഷന്‍ 300 കോടിയുടെ നിക്ഷേപവുമായി കായിക താരങ്ങള്‍ക്ക് താമസ സൗകര്യങ്ങളോടു കൂടിയ അത്യാധുനിക കായിക പരിശീലന കേന്ദ്രമുള്‍പ്പെടുന്ന സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി സംഘടിപ്പിച്ച ഇന്റര്‍നാഷനല്‍ സ്‌പോര്‍ട്‌സ് സമ്മിറ്റിന്റെ ആദ്യ രണ്ടു ദിവസങ്ങളിലായി കായിക പശ്ചാത്തലസൗകര്യ വികസന പദ്ധതികളടക്കം 19 പദ്ധതികളാണ് അവതരിപ്പിക്കപ്പെട്ടത്. സംസ്ഥാനത്തുടനീളം കായിക പദ്ധതികള്‍ താഴെത്തട്ടിലെത്തിക്കുന്നതിന് 100 കോടി ചെലവില്‍ സ്‌പോര്‍ട്‌സ് ഫോര്‍ ഓള്‍ പദ്ധതി പ്രഖ്യാപിച്ചു. കൊച്ചിയില്‍ മൂലന്‍സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ 100 കോടി രൂപ നിക്ഷേപത്തില്‍ മറ്റൊരു നഗര കായിക സമുച്ചയം വരുന്നുണ്ട്. 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച ജി സി ഡി എ വിവിധ പദ്ധതികള്‍ക്കുള്ള 1380 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ പ്രഖ്യാപനവും നടത്തിയെന്ന് മന്ത്രി പറഞ്ഞു. 

ഇന്ത്യ ഖേലോ ഫുട്‌ബോള്‍, സംസ്ഥാനത്തെ വിവിധ സോഷ്യല്‍ ക്ലബുകളുടെ കൂട്ടായ്മ, പ്രോ സ്‌പോര്‍ട്‌സ് വെഞ്ചേഴ്‌സ്, സ്‌പോര്‍ട്‌സ് എക്‌സോട്ടിക്ക, സ്‌പോര്‍ട്‌സ് ആന്റ് മാനേജ്‌മെന്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എന്‍ ബി ഫിറ്റ്‌നസ് അക്കാഡമി, കേരളീയം മോട്ടോര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍, ആര്‍ബിഎസ് കോര്‍പറേഷന്‍, ബാവാസ് സ്‌പോര്‍ട്‌സ് വില്ലേജ് തുടങ്ങിയ സംരംഭകരും 50 മുതല്‍ 25 കോടി രൂപ വരെയുള്ള വിവിധ നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്തു. ബീറ്റ ഗ്രൂപ്പ് സംസ്ഥാനത്ത് ടെന്നീസ് ലീഗ് തുടങ്ങാന്‍ ധാരണയായിട്ടുണ്ട്. ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെ നേതൃത്വത്തിലുള്ള റീജന്‍സി ഗ്രൂപ്പ് സ്‌പോര്‍ട്‌സ് മാനുഫാക്ചറിങ്ങ് രംഗത്ത് 50 കോടി നിക്ഷേപം നടത്തുമെന്നും മന്ത്രി പറഞ്ഞു.

100 ദിവസത്തെ മുന്നൊരുക്ക പരിപാടികളോടെയാണ് സമ്മിറ്റിന് തുടക്കം കുറിച്ചത്. സമ്മിറ്റിന് ശേഷം 100 ദിവസത്തെ ഫോളോ അപ്പ് നടത്തും. പദ്ധതികള്‍ അതിവേഗം നടപ്പാക്കാനുള്ള സാഹചര്യം ഉണ്ടാക്കുകയാണ് ലക്ഷ്യം. മൈക്രോ ലെവല്‍ പ്ലാനിങ്ങിന്റെ ഭാഗമായി 14 ജില്ലാ സമ്മിറ്റുകളും 652 പഞ്ചായത്ത് മൈക്രോ സമ്മിറ്റുകളും പൂര്‍ത്തിയാക്കി. സമ്മിറ്റില്‍ എല്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനുകളും, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കി അവതരിപ്പിച്ചു. മൈക്രോ സമ്മിറ്റുകള്‍ പൂര്‍ത്തിയാക്കിയ പഞ്ചായത്തുകള്‍ പദ്ധതികള്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. അവ പരിശോധിച്ച് നടപ്പാക്കുന്നതിന് നടപടി വേഗത്തിലാക്കും. സംസ്ഥാനത്തെ കായിക വിഭവശേഷി മാപ്പിങ്ങിനും തുടക്കം കുറിച്ചു. ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. 

'ഇതുവരെ കണ്ടതെല്ലാം പൊയ്, കാണാന്‍ പോകുന്നത് നിജം'; ലുലു ഗ്രേറ്റ് ഇന്ത്യന്‍ ഉത്സവിന് തുടക്കം 
 

Latest Videos
Follow Us:
Download App:
  • android
  • ios