വെള്ളക്കെട്ട് കാരണം ചികിത്സ വൈകി മരിച്ച തൊഴിലാളിയുടെ സംസ്കാര ചടങ്ങും പ്രതിസന്ധിയിലാക്കി വെള്ളക്കെട്ട്

By Web TeamFirst Published Aug 9, 2022, 8:51 PM IST
Highlights

മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് യഥാസമയം കരയ്ക്കെത്തിക്കാൻ കഴിയാഞ്ഞതാണ് മരണത്തിൽ കലാശിച്ചത്. 

എടത്വാ (ആലപ്പുഴ): നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ വെള്ളക്കെട്ട് തടസ്സമായതിനെ തുടര്‍ന്ന് മരിച്ച തൊഴിലാളിയുടെ സംസ്കാര ചടങ്ങും പ്രതിസന്ധിയിലാക്കി വെള്ളക്കെട്ട്. തലവടി പഞ്ചായത്ത് 8-ാം വാർഡിൽ ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടന്റെ (50) സംസ്കാര ചടങ്ങാണ് വെള്ളക്കെട്ട് പ്രതിസന്ധിയിലാക്കിയത്. വഴിയിലും വീട്ടുവളപ്പിലും വെള്ളക്കെട്ടുള്ളതിനാൽ മൃതദേഹം വള്ളത്തിൽ കയറ്റിയാണ് വീട്ടിൽ എത്തിച്ചത്. 

വീടിന് ചുറ്റും മുട്ടോളം വെള്ളം ഉയർന്ന് കിടന്നതിനാൽ സംസ്കാരം നീട്ടിവെച്ചിരുന്നു. പറമ്പിൽ നിന്ന് വെള്ളം പൂർണ്ണമായി ഒഴിയാഞ്ഞതിനാൽ ഇഷ്ടിക അടുക്കി വെച്ചാണ് മൃതദേഹം സംസ്കരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഓമനക്കുട്ടൻ മരിച്ചത്. നെഞ്ച് വേദനയെ തുടർന്ന് വീട്ടുകാരും സമീപ വാസികളും ഓമനക്കുട്ടനെ വള്ളത്തിൽ കരയ്ക്കെത്തിച്ച ശേഷം കാറിൽ കയറ്റി പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു. 

മുട്ടോളം വെള്ളത്തിലായ സ്ഥലത്ത് നിന്ന് യഥാസമയം കരയ്ക്കെത്തിക്കാൻ കഴിയാഞ്ഞതാണ് മരണത്തിൽ കലാശിച്ചത്. കഴിഞ്ഞ വർഷം ഓമനക്കുട്ടന്റെ മൂത്തമകൾ പ്രിയങ്ക കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഭാര്യ: ബീന, മറ്റൊരു മകൾ പ്രവീണ. മരുമകൻ: സജി.

click me!