ഗാന്ധിഗ്രാം പദ്ധതി: ഇടമലകുടിക്ക് സമ​ഗ്രവികസന പ്രഖ്യാപനവുമായി പ്രതിപക്ഷനേതാവ്

By Jansen MalikapuramFirst Published Jan 1, 2020, 9:53 PM IST
Highlights

സ്‌കൂള്‍ കെട്ടിടം, കഞ്ഞിപ്പുര എന്നിവ നിര്‍മ്മിക്കുന്നതിനായി എംപി ഫണ്ടില്‍ നിന്നുള്ള 71 ലക്ഷം രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. കുടിവെള്ളം, വൈദ്യതി, മൊബൈര്‍ കവറേജ് തുടങ്ങിയ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം ആദിവാസികള്‍ക്ക് ഉറപ്പ് നല്‍കി. 

ഇടുക്കി: ഇടമലകുടിക്ക് സമഗ്രവികസന പ്രഖ്യാപനവുമായി പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ റോഡ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതുവത്സരദിനത്തോട് അനുബന്ധിച്ച് ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി ഇടമലക്കുടിയിലെത്തിയതാണ് രമേഷ് ചെന്നിത്തല. ശനിയാഴ്ച വൈകുന്നേരം മൂന്നാര്‍ കെറ്റിഡിസിയിലെത്തിയ അദ്ദേഹം രാവിലെ എട്ടരയോടെയാണ് സംസ്ഥാനത്തെ ആദ്യഗോത്രവര്‍ഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെത്തിയത്.

ജീപ്പില്‍ നാലുമണിക്കൂര്‍ യാത്ര ചെയ്‌തെത്തിയ അദ്ദേഹം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാതെ കുടിയുടെ വികസനം യാഥാർത്ഥ്യമാക്കാൻ കഴിയില്ലെന്ന് പറഞ്ഞു. റോഡ് പണി പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കഴിഞ്ഞില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ റോഡ് പൂര്‍ണ്ണസജ്ജമാക്കുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യം ഇടിലിപ്പാറകുടിയിലെത്തിയ അദ്ദേഹം ഏകധ്യാപിക സ്‌കൂളിലെ അധ്യാപിക വിജയലക്ഷ്മി, അംഗന്‍വാടി ടീച്ചര്‍ ശശികല എന്നിവരെ സന്ദർശിച്ചു. ഇവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. തുടര്‍ന്ന് സൊസൈറ്റി കുടിയിലെത്തിയ അദ്ദേഹം ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഇടമലക്കുടി പാക്കേജ് പ്രഖ്യാപിച്ചു. സ്‌കൂള്‍ കെട്ടിടം, കഞ്ഞിപ്പുര എന്നിവ നിര്‍മ്മിക്കുന്നതിനായി എംപി ഫണ്ടില്‍ നിന്നുള്ള 71 ലക്ഷം രൂപയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. കുടിവെള്ളം, വൈദ്യതി, മൊബൈര്‍ കവറേജ് തുടങ്ങിയ പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം ആദിവാസികള്‍ക്ക് ഉറപ്പ് നല്‍കി.

ഇടമലക്കുടിയിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന അധ്യാപകന്‍ സുധീഷ്, ഹെഡ്മാസ്റ്റര്‍ വാസുദേവന്‍പിള്ള എന്നിവരെ അനുമോദിച്ചു. ദേശീയ ഗെയിംസില്‍ വിജയിച്ച ചന്ദനകുമാര്‍, നാഷണല്‍ ഗെയിംസില്‍ വിജയിച്ച ശിവപെരുമാള്‍, ബിനു എന്നിവരെ ആദരിച്ചു. കനകശ്രീ അവാര്‍ഡ് ലഭിച്ച അശോകന് ട്രോഫിയും നല്‍കി. തുടര്‍പഠനം നടത്തുന്നതിനായി പിതാവിന്റെ ആവശ്യപ്രകാരം മകല്‍ ഗണേഷന് ലാപ്പ്‌ടോപ്പും നല്‍കി. പുതുവത്സരദിനത്തില്‍ രമേഷ് ചെന്നിത്തല സന്ദര്‍ശിക്കുന്ന ഒമ്പതാമത്തെ കുടിയാണ് ഇടമലക്കുടി.

സര്‍ക്കാരിന്റെ വിവിധ ഫണ്ടുകള്‍ കുടിയുടെ വികസനത്തിനായി സര്‍ക്കാര്‍ ചിലവിടുമ്പോഴും ആദ്യവാസികള്‍ക്ക് ലഭിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു. എല്ലാവരുടെയും പരിഭവങ്ങള്‍ കേട്ടറിഞ്ഞ് ഉച്ചഭക്ഷണം കഴിച്ച് വൈകുന്നേരം ഏഴുമണിയോടെയാണ് പ്രതിപക്ഷനേതാവ് മലയിറങ്ങിയത്. എംപി ഡീന്‍ കുര്യാക്കോസ്, ഡിസിസി പ്രസിഡന്റ് ഇബ്രാഹീം കുട്ടി കല്ലാര്‍, ഇഎം അഗസ്തി, റോയി കെ പൗലോസ്, കൊച്ചുത്രേസ്യ പൗലോസ്, എകെ മണി, ജി മുനിയാണ്ടി, ഡി കുമാര്‍, ദേവികുളം തഹസില്‍ദ്ദാര്‍ ജിജി കുന്നപ്പള്ളി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, ട്രൈബികള്‍ ഓഫീസര്‍, മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എംകെ റെജി, എസ്ഐ ഫക്രുദ്ദീന്‍ തുടങ്ങിവര്‍ സന്ദര്‍ശത്തില്‍ പങ്കെടുത്തു.

സെൽഫി എടുത്തും ലാപ്പ്ടോപ്പ് സമ്മാനിച്ചും കുട്ടികളെ സന്തോഷിപ്പിച്ച് പ്രതിപക്ഷനേതാവ്

ഇടുക്കി: നന്ദിനിയും അഭിരാമിക്കുമൊപ്പം സെല്‍ഫിയെടുത്ത് പ്രതിപക്ഷനേതാവ്. വളരെ കാലങ്ങള്‍ക്ക് മുമ്പുള്ള ആഗ്രഹമാണ് ഇടമലക്കുടിയിലെ വിദ്യാര്‍ത്ഥികളായ അഭിരാമിക്കും നന്ദിനിക്കും പുതുവത്സരദിനത്തില്‍ യാഥാര്‍ത്ഥ്യമായത്. ‌രമേശ് ചെന്നിത്തലയ്ക്കൊപ്പം ഒരു സെൽഫി എടുക്കണമെന്നായിരുന്നു അഭിരാമിയുടെയും നന്ദിനിയുടെയും ആ​ഗ്രഹം.

ടിവി ചാനലുകളില്‍ കണ്ടിരുന്ന മുഖം പെട്ടെന്ന് തങ്ങളുടെ കുടിയിലെത്തിയതോടെ അവര്‍ ആവശ്യം നേതാക്കന്‍മാരെ അറിയിച്ചു. തുടര്‍ന്ന് രമേഷ് ചെന്നിത്തല കുട്ടികളെ അടുത്തേക്ക് വിളിപ്പിച്ച് അവരുടെ ആ​ഗ്രഹം സഫലമാക്കി. തൊടുപുഴയിലെ സ്കൂളിലെ പ്ലസ് വണ്ണിന് പഠിക്കുകയാണ് ഇരുവരും. സ്‌കൂള്‍ ഉണ്ടായിരുന്നിട്ടും അവര്‍ പ്രതിപക്ഷ നേതാവിനെ നേരില്‍ കാണുന്നതിന് അവധിയെടുത്താണ് കാത്തുനിന്നത്.

പ്രതിപക്ഷ നേതാവിനൊപ്പം സെൽഫി എടുത്ത സന്തോഷത്തിലാണ് അഭിരാമിയും നന്ദിനിയുമെങ്കിൽ ഒരു ലാപ്പ്ടോപ്പ് കിട്ടിയ സന്തോഷത്തിലാണ് ഗണേഷന്‍. അടിമാലിയില്‍ പോളിടെക്കനിക്കല്‍ കോഴ്‌സ് പഠിക്കുന്ന ഗണേഷന് തുടര്‍പഠനത്തിനായി ലാപ്പ്‌ടോപ്പ് ആവശ്യമായിരുന്നു. കര്‍ഷകനായി പിതാവിന് പണം നല്‍കി ഒരു ലാപ്പ്ടോപ്പ് വാങ്ങിക്കുക എന്നത് സാധ്യമായിരുന്നില്ല. 

ഇതിനിടെയാണ് പ്രതിപക്ഷനേതാവ് രമേഷ് ചെന്നിത്തല കുടിലെത്തിയത്. ഇതോടെ മകന്റെ പഠനത്തിന് ലാപ്പ്ടോപ്പ് ആവശ്യമാണെന്ന നിവേദനവുമായി പിതാവ് അ​ദ്ദേഹത്തെ സമീപിച്ചു. കത്ത് വായിച്ചുനോക്കിയ അദ്ദേഹം തന്നോടൊപ്പം ഇപ്പോള്‍ കൂടെവരണമെന്നും ലാപ്പ്ടോപ്പ് വാങ്ങി നല്‍കാമെന്നും അറിയിച്ചു. വൈകുന്നേരത്തോടെ ഗണേഷനെ സ്വന്തം വാഹനത്തില്‍ മൂന്നാറിലെത്തിച്ച് ലാപ്പ്ടോപ്പ് നല്‍കി മടക്കിയയച്ചു.


 

click me!