
തൃശൂര്‍: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ പകരം ഇന്ധനമായ വിറകിന് ആവശ്യകത കുത്തനെ ഉയര്‍ന്നതോടെ വിലയും കുതിച്ചുയരുന്നു. ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ ഗ്യാസ് ലഭ്യതക്കുറവ് നേരിടുന്നതിനാല്‍ വിറകിലേക്കാണ് മാറിയത്.
നല്ല ചൂടും ദീര്‍ഘനേരം കനലും നിലനില്‍ക്കുന്ന വാളമ്പുളി (കോല്‍ പുളി) വിറകിനാണ് വിപണിയില്‍ കൂടുതല്‍ ആവശ്യക്കാര്‍. എന്നാല്‍ ഇത് ലഭ്യമാകുന്നത് കുറവായതിനാല്‍ വില കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ 10 കിലോ വാളമ്പുളി വിറകിന് 80 രൂപയായപ്പോള്‍, ഗ്യാസ് ക്ഷാമത്തിന് മുമ്പ് ഇത് 60 രൂപയായിരുന്നു. സമീപകാലത്ത് തന്നെ വില 100 രൂപ കടക്കും എന്നാണ് വ്യാപാരികള്‍ പറയുന്നത്. തൃശൂര്‍ മേഖലകളില്‍ ഇതിനകം തന്നെ 10 കിലോയ്ക്ക് 100 രൂപയായി വില ഉയര്‍ന്നിട്ടുണ്ട്. ഹോട്ടലുകളിലേക്കാണ് വിറകിന്റെ ഭൂരിഭാഗവും എത്തുന്നത്. ഇതോടെ വീടുകളിലേക്ക് ലഭ്യതയും കുറയുന്ന അവസ്ഥയാണ്. മറ്റു പാഴ്മര വിറകിനും വില വര്‍ധനവുണ്ട്.
പ്രധാനമായും പുളിമരങ്ങള്‍ വ്യാപകമായി നട്ട് വളര്‍ത്താത്തതും നിലവിലുള്ള മരങ്ങള്‍ മുറിച്ചെടുക്കുന്നതുമാണ് ക്ഷാമത്തിന് കാരണം. ഗ്യാസ് വിതരണം സാധാരണ നിലയിലാകാത്ത പക്ഷം വിറക് ക്ഷാമം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്. മഴക്കാലത്ത് ഈ പ്രതിസന്ധി കൂടുതല്‍ കടുക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. അതേസമയം, വിറക് പൊളിക്കല്‍ യന്ത്രങ്ങളുടെ ഉപയോഗം വ്യാപകമായതോടെ വ്യാപാരികള്‍ക്ക് ആശ്വാസമുണ്ട്. മണിക്കൂറിന് ഏകദേശം 700 രൂപയാണ് യന്ത്ര ഉപയോഗച്ചെലവ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam