
മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് സെക്രട്ടറിയായി ഗൗരി ആര്‍ ലാല്‍ജി (23) ഇനി അരിക്കോട് പഞ്ചായത്തിനെ നയിക്കും. തിങ്കളാഴ്ച രാവിലെ ഗൗരി ചുമതല ഏറ്റെടുത്തു. കൊല്ലം പരവൂര്‍ സ്വദേശി സി എല്‍ ലാല്‍ജിയുടെയും ഒ ആര്‍ റോഷ്നയുടെയും മൂത്തമകളായ ഗൗരിക്ക് ചെറുപ്പം മുതല്‍ സിവില്‍ സര്‍വിസായിരുന്നു ലക്ഷ്യം. ആദ്യ ശ്രമത്തില്‍തന്നെ ഹൈകോടതി അസിസ്റ്റന്‍റ് റാങ്ക് ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടി.
അവിടെ ജോലിയിലിരിക്കെ പഞ്ചായത്ത് സെക്രട്ടറി പരീക്ഷയെഴുതി 63-ാം റാങ്ക് നേടിയാണ് അരീക്കോട് പഞ്ചായത്ത് സെക്രട്ടറി സ്ഥാനത്തെത്തിയത്. പ്ലസ്ടു സിബിഎസ്ഇ പരീക്ഷയില്‍ കൊല്ലം ജില്ലയില്‍ ടോപ്പര്‍ ആയിരുന്നു. ആദ്യ ശ്രമത്തില്‍തന്നെ പഞ്ചായത്ത് സെക്രട്ടറി പരിക്ഷയില്‍ വിജയിച്ച് ഒരു പഞ്ചായത്തിന്‍റെ തലപ്പത്തെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സ്‌കൂള്‍ കാലം മുതല്‍ തന്നെ സിവില്‍ സര്‍വിസിലേക്കുള്ള പഠനവും പത്രവായനയുമാണ് ഈ നേട്ടത്തിലേക്ക് നയിച്ചതെന്നും ഗൗരി പറഞ്ഞു. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ദേവദത്ത് സഹോദരനാണ്. മകളുടെ ഈ നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്നും മറ്റു കുട്ടികള്‍ക്ക് മകള്‍ ഒരു പ്രചോദനമാണെന്നും ഗൗരിയുടെ മാതാപിതാക്കള്‍ പറയുന്നു.