
ചെല്ലാനം: എറണാകുളം ചെല്ലാനത്ത് കടലാക്രമണം തടയാൻ താൽക്കാലികമായി ജിയോ ബാഗുകൾ സ്‌ഥാപിച്ചു തുടങ്ങി. ചെല്ലാനം തീര സംരക്ഷണ സമിതി ജില്ല കലക്ടറുമായി നടത്തിയ കൂടികാഴ്ചയെ തുടർന്നാണ് നടപടി. ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഹൈവേ ലോങ്ങ് മാർച്ച് അടക്കമുള്ള സമരം നടത്താനാണ് തീരദേശ സംരക്ഷണ സമിതിയുടെ തീരുമാനം.
കടൽക്ഷോഭം രൂക്ഷമാകുകയും നൂറോളം വീടുകളിലേക്ക് വെള്ളം ഇരച്ചുകയറുകയും ചെയ്തപ്പോഴാണ് തീരദേശവാസികളുടെ പ്രതിഷേധം അണപൊട്ടിയത്. സ്ഥലം സന്ദർശിക്കാനെത്തിയ ജില്ലാ കളക്ടർക്കും പ്രതിഷേധതിരയിൽ ഇന്നലെ പിന്തിരിയേണ്ടിവന്നിരുന്നു. കഴിഞ്ഞ വർഷം കടലാക്രമണം രൂക്ഷമായപ്പോൾ താൽകാലിക തടണയണ നിർമ്മിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു.
പ്രതിഷേധം ശക്തമായതിന് പിന്നാലെ ഇന്ന് രാവിലെയാണ് ജിയോ ട്യൂബുകൾ സ്ഥാപിക്കുന്ന ജോലികൾ ആരംഭിച്ചത്. ചെല്ലാനം ബസാര്‍ മേഖലയിലും കമ്പനിപ്പടിയിലും 200 മീറ്റര്‍ നീളത്തിലും വേളാങ്കണ്ണി പള്ളി ഭാഗത്ത് 180 മീറ്ററിലുമാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുന്നത്. ജല വിഭവ വകുപ്പാണ് പണികൾ നടത്തുന്നത്. അടിയന്തരമായി വിന്യസിക്കുന്ന ജിയോ ബാഗുകള്‍ സ്ഥിരം സംവിധാനമല്ല. ഇവ പരമാവധി ഒരു വര്‍ഷം മാത്രം നിലനില്‍ക്കുന്നവയാണ്.
എന്നാൽ പണികൾ ഇഴഞ്ഞു നീങ്ങുന്നതിന്റെ ആശങ്കയിലാണ് ചെല്ലാനത്തുകാരുള്ളത്. പ്രശ്നത്തിന് ശാശ്വത പരിഹാരമായി കടൽ ഭിത്തിയും പുലിമുട്ടും വേണമെന്നാണ് ഇവരുടെ ആവശ്യം. ഇതിനായി സമരം ശക്തമാക്കാൻ തീരദേശവാസികൾ യോഗം ചേർന്നു തീരുമാനിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam