
തൃശ്ശൂർ: സുഹൃത്തിന്‍റെ അച്ഛന്‍റെ ചികിത്സയ്ക്കായി സ്വർണക്കമ്മൽ ഊരി നൽകി മാതൃകയായി കൊടുങ്ങല്ലൂർ ഗവൺമെന്‍റ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ഫാത്തിമ സാറ. ഒൻപതാം ക്ലാസുകാരിയുടെ നന്മയ്ക്ക് നൂറു മാർക്കാണ് നാട് നൽകുന്നത്. അച്ഛന്‍റെ ശസ്ത്രക്രിയയ്ക്ക് പണമില്ലാതെ വിഷമിച്ച സുഹൃത്തിന് സ്വന്തം കമ്മൽ ഊരി നൽകിയാണ് ഫാത്തിമ സാറ സഹായിച്ചത്. കരൾ രോഗം ബാധിച്ച എടവിള സ്വദേശി രാജുവിന്‍റെ ചികിത്സയ്ക്കാണ് ഫാത്തിമ സ്വന്തം കമ്മൽ ഊരി നൽകിയത്. രാജുവിന്‍റെ മകൾ പഠിക്കുന്ന കെകെടിഎം ഗവൺമെന്‍റ് ഗേൾസ് ഹയർ സെക്കന്‍ഡറി സ്കൂളിൽ ആണ് ഫാത്തിമയും പഠിക്കുന്നത്.
ചികിത്സ സഹായം സംബന്ധിച്ച കാര്യം സ്കൂള്‍ അധികൃതര്‍ അസംബ്ലിയിൽ അറിയിക്കുകയും ചെയ്തിരുന്നു. സുഹൃത്തിന്‍റെ ദുഃഖം കണ്ടിട്ടാണ് ഫാത്തിമ മാതാപിതാക്കളുടെ അനുവാദത്തോടെ സ്വർണ്ണ കമ്മൽ നൽകിയത്. കൂട്ടുകാരിയുടെ സങ്കടം കണ്ടാണ് തനിക്ക് ചെയ്യാൻ പറ്റുന്ന സഹായം നൽകിയതെന്ന് ഫാത്തിമ പറഞ്ഞു. തനിക്കും സമാനമായ അനുഭവം ഉണ്ടായിരുന്നു. വാപ്പച്ചിക്ക് അസുഖം വന്നപ്പോള്‍ പലരും സഹായിച്ചിരുന്നു.
തന്‍റെ കയ്യിലുണ്ടായിരുന്നത് കമ്മൽ മാത്രമായിരുന്നു. അതിനാലാണ് അത് നൽകാൻ തീരുമാനിച്ചതെന്നും ഫാത്തിമ പറഞ്ഞു. സ്കൂൾ അസംബ്ലിയിലാണ് ഫാത്തിമ പ്രധാന അധ്യാപിക ഷൈനി ആന്റോയ്ക്ക് കമ്മൽ കൈമാറിയത്. ഫാത്തിമയുടെ നല്ല മനസ്സിനെ ചേർത്തു പിടിക്കുകയാണ് അധ്യാപകരും സുഹൃത്തുക്കളും വീട്ടുകാരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam