
തൃശ്ശൂർ: വനം വകുപ്പ് വെച്ച പണിയിൽ രണ്ടാഴ്ചയായി നട്ടംതിരിയുകയാണ് മാന്ദാമംഗലത്തുകാർ. വനം വകുപ്പുകാർ എടുത്തു വളർത്തിയ മലയണ്ണാൻ രണ്ടാഴ്ച മുമ്പ് ചാടിപ്പോയതാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. നാടുനീളെ നടന്ന് നാട്ടുകാരെ കടിക്കുകയാണ് മലയണ്ണാനിപ്പോൾ. മാന്ദാമംഗലം സ്വദേശി മത്തായിക്ക് രണ്ട് തവണയാണ് കടിയേറ്റത്. മലയണ്ണാനെ പിടിക്കാനെത്തിയ വാച്ചർക്കും കടിയേറ്റു. മലയണ്ണാനെ പിടികൂടാൻ കൂടൊരുക്കുകയാണ് ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർ.
മാന്ദാമംഗലത്തെ ജനവാസ മേഖലയിൽ റബ്ബർ തോട്ടത്തിനിടയിൽ രണ്ടാഴ്ചയായി വിഹരിക്കുകയാണ് ഒരു മലയണ്ണാൻ. വനം വകുപ്പുകൾ എടുത്തു വളർത്തിയ മലയണ്ണാൻ ചാടിപ്പോയതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഒരു കിലോമീറ്റർ അപ്പുറത്തുള്ള ഫോറസ്റ്റ് ഓഫീസിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വളർത്തിയതാണ് ഇതിനെ. പക്ഷേ മൂന്നാഴ്ച മുമ്പ് ചാടിപ്പോയി. ഫോറസ്റ്റുകാർ പിടിക്കാനെത്തിയെങ്കിലും സാധിച്ചില്ല.
എന്നാൽ വനം വകുന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ തുടങ്ങിയപ്പോഴാണ് അവർ തുറന്നുവിട്ടതെന്നും നാട്ടുകാർ പറയുന്നു. എന്തായാലും മാന്ദാമംഗലത്തുകാർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണുള്ളത്. അപ്രതീക്ഷിതമായി ചാടി വീണ് കടിക്കുന്നതാണ് അനുഭവം. പിടികൂടാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും കടിയേറ്റിട്ടുണ്ട്. മലയണ്ണാനെ പിടികൂടാൻ തക്കാളി പോലുള്ള സാധനങ്ങൾ സജ്ജീകരിച്ച് കൂടൊരുക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം