
കൽപ്പറ്റ : വയനാട്ടിൽ വീണ്ടും എംഡിഎംഎ വേട്ട. ബാവലിയിൽ എംഡിഎംഎയുമായി യുവതിയടക്കം നാല് പേർ പിടിയിലായി. എൻ.എ അഷ്ക്കർ, അജ്മൽ മുഹമ്മദ്, ഇഫ്സൽ നിസാർ,എം. മുസ്ക്കാന എന്നിവരെ തിരുനെല്ലി പൊലീസാണ് അറസ്റ്റ് ചെയ്തത്. ബാവലി-മീൻകൊല്ലി റോഡ് ജംഗ്ഷനിൽ വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. പ്രതികളിൽ മുസ്ക്കാനയും അസ്കറും കർണാടക സ്വദേശികളാണ്. മറ്റുള്ളവർ കൽപ്പറ്റ സ്വദേശികളാണ്. 32.78 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പൊലീസിന്‍റെ വൻ ലഹരി വേട്ടയിൽ 450 ഗ്രാം എംഎഡിഎംഎ പിടികൂടിയിരുന്നു. 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 298 ഗ്രാം എംഡിഎംഎയുമായി മട്ടാഞ്ചേരി സ്റ്റേഷൻ പരിധിയിൽ വച്ചാണ് തോപ്പുംപടി സ്വദേശി റിഫാസ് റഫീഖ്,പൂനെ സ്വദേശിനി അയിഷ സയിദ് എന്നിവരെ പിടികൂടുന്നത്. ഒരു ഹോട്ടൽ മുറിയിൽ വച്ചാണ് ലഹരിയുമായി പ്രതികൾ അറസ്റ്റിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുന്നത്. ഇവരിൽ നിന്ന് ലഹരി വാങ്ങിയവരാണ് പിടിയിലായ മറ്റ് 4 പേർ.
മട്ടാഞ്ചേരി സ്വദേശികളായ ഷൻജൻ, മുഹമ്മദ് അജ്മൽ, അദ്നാൻ,സവാദ് എന്നിവരാണ് മറ്റ് പ്രതികൾ. 4 കേസുകളിലായി 6 പേരെയാണ് നിലവിൽ പിടികൂടിയിരിക്കുന്നത്. പള്ളുരുത്തിയിൽ നടത്തിയ പരിശോധനയിൽ 108 ഗ്രാം എംഡിഎംഎ പിടിച്ച കേസിലെ പ്രതി ബാദുഷ ഒളിവിലാണ്. ലഹരി മാഫിയയുടെ പ്രധാന കണ്ണികളാണ് പിടിയിലായിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.