
പത്തനംതിട്ട: കോഴഞ്ചേരി സർക്കാർ മഹിളാമന്ദിരത്തിലെ രണ്ട് പെൺകുട്ടികള്‍ മംഗല്യവതികളായി. വിനിതയും ആര്യയുമാണ് വിവാഹിതരായത്. എറണാകുളം സ്വദേശികളും സുഹൃത്തുകളുമായ മാത്യൂസ് വിനിതയെയും സനല്‍കുമാർ ആര്യയെയുമാണ് വിവാഹം ചെയ്തത്.
ആചാരങ്ങള്‍ക്ക് ഒരുകുറവും ഇല്ലാതെ ആറന്മുള വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെയാണ് വരന്മാരെ സ്വീകരിച്ചത്. ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും ചേർന്നാണ് മാത്യൂസിനെയും സനലിനെയും കതിർമണ്ഡപത്തിലേക്ക് ആനയിച്ചത്. പിന്നീട് രക്ഷിതാകള്‍ക്കും ജനപ്രതിനിധികള്‍ക്കും ദക്ഷിണ നൽകി.
മഹിളാമന്ദിരത്തിന്‍റെ രക്ഷാധികാരികൂടിയായ ജില്ലാ കളക്ടർ പി ബി നൂഹ് വരൻമാരുടെ കയ്യിൽ താലി നല്‍കി. ജനപ്രതിനിധികള്‍ വിവാഹത്തിനോട് അനുബന്ധിച്ചുള്ള ചടങ്ങുകള്‍ പൂർത്തിയാക്കി. അഞ്ച് പവൻ സ്വർണം വീതം പെൺകുട്ടികള്‍ക്ക് സാമൂഹ്യ നീതി വകുപ്പും ജില്ലാഭരണകൂടവും ചേർന്ന് നല്‍കിയതായി മഹിളാമന്ദിരം സൂപ്രണ്ട് പ്രിയ ചന്ദശേഖരൻ നായർ പറഞ്ഞു.
വധു വരന്മാർക്കും ബന്ധുകള്‍ക്കും ഉള്‍പ്പടെ അഞ്ഞൂറ് പേർക്കുള്ള സദ്യ ഒരുക്കിയത് പൊലീസ് സേനാ അംഗങ്ങളാണ്. വിനിതയും ആര്യയും പ്ലസ്ടു പഠനം പൂർത്തിയാക്കിയവരാണ്. സർക്കാർ മഹിളാമന്ദിരത്തില്‍ ഈവർഷം നടക്കുന്ന നാലാമത്തെ വിവാഹമാണിത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam