സംഭവം നടന്നത് മണിക്കൂറുകൾക്കുള്ളിൽ, തുറന്നിട്ടത് രണ്ട് വീടിന്റെയും മുൻ വാതിലുകൾ; തിരുവനന്തപുരത്ത് 2 വീടുകളിൽ മോഷണം

Published : Dec 05, 2025, 11:33 AM ISTUpdated : Dec 05, 2025, 11:37 AM IST
Theft

Synopsis

തിരുവനന്തപുരത്ത് രണ്ട് വീടുകളിൽ നിന്നായി 25 ലക്ഷത്തോളം രൂപയുടെ സ്വർണ്ണവും പണവും മോഷണം പോയി. വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്ത് വാതിൽ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാക്കൾക്കായി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കി.

തിരുവനന്തപുരം: ചെങ്കലിന് സമീപം രണ്ട് വീടുകളിൽ മോഷണം. ബുധനാഴ്ച രാത്രിയോടെയാണ് രണ്ട് വീടുകളിൽ വാതിലിന്റെ പൂട്ടുപൊളിച്ച് അകത്തുകയറിയ മോഷ്ടാവ് 25 ലക്ഷത്തോളം വിലവരുന്ന സ്വർണവും പണവും കവർന്നത്. ചെങ്കൽ വട്ടവിളയ്ക്കു സമീപം ഈഴക്കോണത്ത് വിപിൻകുമാറിന്റെ വീട്ടിലും വട്ടവിളയ്ക്ക് സമീപം തോട്ടിൻകര പെരുഞ്ചേരി വീട്ടിൽ അനിൽകുമാറിന്റെ വീട്ടിലുമാണ് മോഷണം നടത്തിയിരിക്കുന്നത്. ബുധനാഴ്ച രാത്രിയിലും ഇന്നലെ പുലർച്ചെയുമാകാം മോഷണം നടന്നതെന്നാണ് സംശയം.

വീടിന്റെ മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. ആദ്യത്തെ വീട്ടിൽ നിന്നും ഇരുപത് പവനോളം സ്വർണവും 75,000 രൂപയും വാച്ചുകളും മോഷണം പോയതായാണ് പരാതി. ബന്ധുവിൻ്റെ ചികിത്സയ്ക്കായി കുടുംബം ആശുപത്രിയിലായിരുന്ന സമയത്താണ് മോഷണം നടന്നത്. ഇന്നലെ രാവിലെ വീട്ടിലെത്തിയ വിപിൻ കുമാറാണ് മോഷണം നടന്നതായി കണ്ടത്. രണ്ടാമത്തെ വീട്ടിലും മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ കടന്നത്. എട്ടുപവനോളം ആഭരണങ്ങളും രണ്ടുലക്ഷം രൂപയും 75, 000 രൂപ വീതം വിലവരുന്ന പുതിയ സ്മാർട് ഫോണുകളും മോഷണം പോയിട്ടുണ്ട്. വീട്ടുടമയായ മകളുടെ വീട്ടിൽ പോയ തക്കത്തിനായിരുന്നു മോഷണം.

പാറശാല പൊലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി തെളിവെടുത്തു. പരിശോധനയിൽ രണ്ടു പേർ സ്കൂട്ടറിൽ രാത്രി കടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. നേരത്തെ ജില്ലയിലെ നെടുമങ്ങാട്, മാറനല്ലൂർ മേഖലകളിൽ നടന്നിട്ടുള്ള മോഷണത്തിന്റെ സമാന രീതിയിലാണ് ചെങ്കലിലും മോഷണം നടന്നിട്ടുള്ളതെന്നതിനാൽ സംഭവത്തിനു പിന്നിൽ ഒരേ സംഘങ്ങളായിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്. സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഇന്ന് മുതൽ വാഹന ഗതാഗത നിയന്ത്രണം; അറിയിപ്പ് താമരശ്ശേരി ചുരത്തിൽ, വളവിന് വീതി കൂട്ടുന്നു
സ്കൂൾ ബസും ശബരിമല തീർത്ഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ച് വീണു