
ആലപ്പുഴ: ആലപ്പുഴ ചേർത്തലയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിച്ച 79 കാരിയുടെ സ്വർണവള കാണാതായാതായി പരാതി. മകന്റെ പരാതിയിൽ ചേർത്തല പൊലീസ് കേസെടുത്തു. വിഷയത്തിൽ തത്ക്കാലം പ്രതികരിക്കാനില്ലെന്ന് കെവിഎം ആശുപത്രി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒൻപതാം തിയ്യതിയാണ് 79 കാരിയായ നിർമലയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരാവസ്ഥയിൽ ആയതിനാൽ അവിടെ നിന്ന് ചേർത്തലയിലെ കെവിഎം ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ എത്തിയപ്പോഴേക്കും മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ നിന്ന് മൃതദേഹം വിട്ടു നൽകുമ്പോൾ ബന്ധുക്കൾക്ക് നൽകിയ ആഭരണങ്ങളിൽ ഒരു പവനോളം വരുന്ന സ്വർണവള കുറവ് ഉണ്ടെന്നാണ് പരാതി. ഇക്കാര്യം അപ്പോൾ തന്നെ പറഞ്ഞിരുന്നതായും കുടുംബം പറയുന്നു.
സംസ്കാരം കഴിഞ്ഞ് പള്ളിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ കുടുംബം പരിശോധിച്ചു. നിർമലയുടെ കൈയിൽ രണ്ട് വള ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തുടർന്ന് കെവിഎം ആശുപത്രിയിലെത്തി ഇക്കാര്യം അറിയിച്ചെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും ഇതോടെയാണ് പൊലീസിൽ പരാതി നൽകിയതെന്നും മരിച്ച നിർമലയുടെ മകൻ ബേബി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് ആശുപത്രിയിൽ നിന്ന് ശേഖരിച്ച ദൃശ്യങ്ങളിൽ രണ്ട് വളകൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരെ ഉടൻ ചോദ്യം ചെയ്യും. അതേസമയം, സംഭവത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam