
പാലക്കാട്: പാലക്കാട് ആലത്തൂരിൽ മാല വിഴുങ്ങിയ കള്ളനിൽ നിന്നും ഒടുവിൽ തൊണ്ടി മുതൽ കിട്ടി. കള്ളൻ മാല വിഴുങ്ങി മൂന്നാം ദിവസമാണ് മാല കിട്ടിയത്. മാല വിഴുങ്ങിയ കള്ളന്‍റെ വയറിളകുന്നതും കാത്ത് പൊലീസ് കാവൽ നിന്നിരുന്നു. ഇന്ന് വൈകിട്ട് നാലോടെയാണ് മാല പുറത്തുവന്നത്. സ്വർണമാല മോഷ്ടിച്ച ശേഷം വിഴുങ്ങിയ കള്ളനെ കയ്യോടെ പിടികൂടിയെങ്കിലും തൊണ്ടി മുതലെടുക്കാൻ കഴിഞ്ഞ മൂന്നു ദിവസമായി കാത്തിരിക്കുകയായിരുന്നു പാലക്കാട് ആലത്തൂര്‍ പൊലീസ്.
ഫഹദ് ഫാസിൽ നായകനായ തൊണ്ടിമുതലും ദൃക്ഷ്സാക്ഷിയും എന്ന സൂപ്പ൪ഹിറ്റ് സിനിമയുടെ പ്രമേയത്തിന് തുല്യമായ സംഭവം നടന്നതോടെയാണ് ആലത്തൂര്‍ പൊലീസ് പുലിവാല് പിടിച്ചത്. മോഷ്ടാവ് വിഴുങ്ങിയ മാല പുറത്തുവരാൻ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്നു ദിവസമായി തുടര്‍ന്നിരുന്ന കാത്തിരിപ്പിനാണ് ഇന്ന് വൈകിട്ട് നാലോടെ അവസാനമായത്.
സിനിമയെ വെല്ലും സംഭവങ്ങളാണ് ആലത്തൂ൪ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം നടന്നത്. മേലാർകോട് ഉത്സവത്തിനിടെ ഞായറാഴ്ചയായിരുന്നു സംഭവം. പട്ടഞ്ചേരി സ്വദേശി വിനോദിന്‍റെ രണ്ടര വയസുകാരിയുടെ മാലയാണ് മധുര സ്വദേശി മുത്തപ്പൻ മോഷ്ടിച്ചത്. നാട്ടുകാ൪ കയ്യോടെ പിടികൂടിയതോടെ മുത്തപ്പൻ മുക്കാൽ പവൻ തൂക്കമുള്ള മാല വിഴുങ്ങി. ചോദ്യം ചെയ്യലിൽ മോഷ്ടിച്ചില്ലെന്ന് കള്ളം പറഞ്ഞു.
എക്സറെ എടുത്തതോടെ വയറിൽ മാല തെളിഞ്ഞു വന്നു. പിന്നാലെ റിമാൻഡ് ചെയ്ത പ്രതിയെ തൊണ്ടി മുതൽ കിട്ടാനായി ആശുപത്രിയിലേക്ക് മാറ്റി. ദിവസേന കിലോ കണക്കിന് പൂവൻപഴവും റോബസ്റ്റും നൽകിയിട്ടും തൊണ്ടി മുതൽ പുറത്തേക്ക് വന്നില്ല. കള്ളനൊപ്പം തൊണ്ടിക്കായി പൊലീസിന്‍റെ ഈ കാത്തിരിപ്പും തുടര്‍ന്നു. ഇന്നും തൊണ്ടി പുറത്തു വന്നില്ലെങ്കിൽ എൻഡോസ്കോപ്പിയിലൂടെ മാല പുറത്തെടുക്കാൻ തീരുമാനിച്ചിരിക്കെയാണ് വൈകിട്ടോടെ മാല പുറത്തുവന്നത്.
പുറത്തുവന്ന മാല നന്നായി കഴുകിയെടുത്തു. പിന്നീട് മോഷണം പോയ മാലയാണെന്ന് ഉടമയെ കാണിച്ച് ഉറപ്പുവരുത്തി. വൈദ്യ പരിശോധനയ്ക്കു പിന്നാലെ തൊണ്ടിസഹിതം കള്ളനെയും കൊണ്ട് പൊലീസ് ആശുപത്രി വിട്ടു. തൊണ്ടിക്കായുള്ള കാത്തിരിപ്പ് അവസാനിച്ചെങ്കിലും മാല തിരികെ കിട്ടാൻ കോടതി നടപടി കഴിയും വരെ രണ്ടുവയസുകാരിക്കും കുടുംബത്തിനും കാത്തിരിക്കേണ്ടി വരും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam