
ആലപ്പുഴ: ആലപ്പുഴയിലെ ബുധനൂർ സർവ്വീസ് സഹകരണ ബാങ്കിൽ സ്വർണ പണയം തിരിമറി നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. ബാങ്കിലെ മുൻ സെക്രട്ടറി ഇൻ ചാർജ് അനീഷയാണ് അറസ്റ്റിലായത്. ബുധനൂർ സ്വദേശിയായ രാഹുൽ 2022 ൽ ബുധനൂരിലെ സർവ്വീസ് സഹകരണ ബാങ്കിൽ അഞ്ചേകാൽ പവൻ സ്വർണാഭരണങ്ങൾ പണയം വച്ചിരുന്നു. കഴിഞ്ഞ മാസം തിരിച്ചെടുക്കാൻ എത്തിയപ്പോൾ സ്വർണം ബാങ്കിൽ ഇല്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് മാന്നാർ പൊലിസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
രാഹുലിന്‍റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. ബുധനൂർ സഹകരണ ബാങ്കിൽ പണയം വെച്ച സ്വർണം ഉടമയുടെ അറിവോ സമ്മതമോ കൂടാതെ അവിടെ നിന്നും എടുത്ത് എണ്ണക്കാട്ടുള്ള മറ്റൊരു ബാങ്കിൽ പണയം വെച്ച് സ്വന്തം ആവശ്യത്തിനായി ഉദ്യോഗസ്ഥ കൂടുതൽ പണം വാങ്ങിയാണ് കണ്ടെത്തൽ. ഇതോടെ 2022 ൽ സെക്രട്ടറി ഇൻ ചാർജ് ആയിരുന്ന അനീഷക്കെതിരെ വിശ്വാസവഞ്ചന, വ്യാജരേഖ ചമക്കൽ എന്നീ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു.
നേരത്തെ 2023 ൽ ബാങ്കിൽ പുതിയ ഭരണസമിതി അധികാരത്തിൽ വന്നപ്പോൾ നടത്തിയ ഓഡിറ്റിൽ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് അനീഷയെ സസ്പെൻഡ് ചെയ്യുകയും പിന്നീട് ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. അറസ്റ്റിലായ 42 കാരി അനീഷയെ പൊലിസ് എണ്ണക്കാട് ബാങ്കിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് 4 പവൻ സ്വർണം കണ്ടെത്തി. ബാക്കി ഒരു പവൻ കൂടി ഇനിയും കണ്ടെത്താനുണ്ട്. തിരിമറിയിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുകയാണ് പൊലീസ്.