കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയും അനുജനും പൊലീസ് പിടിയിൽ

By Web TeamFirst Published Oct 3, 2022, 11:53 AM IST
Highlights

തെക്കേ മങ്കുഴി ജിൽജർ എന്ന വാടക വീട്ടിൽ നിന്നുമാണ് 258 ഗ്രാം കഞ്ചാവുമായി പൊലീസ് ഇരുവരെയും പിടികൂടിയത്. 

ആലപ്പുഴ : കഞ്ചാവുമായി കുപ്രസിദ്ധ ഗുണ്ടയുടെ ഭാര്യയെയും അനുജനെയും വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കേസുകളിലും കൊലപാതകക്കേസുകളിലും പ്രതിയായ ലിജു ഉമ്മന്റെ ഭാര്യ കായംകുളം ചേരാവള്ളി തൈയ്യിൽ തെക്കതിൽ നിമ്മി (33), അനുജൻ മാവേലിക്കര തെക്കേക്കര പുത്തൻ വീട്ടിൽ ജൂലി തോമസ് (37) എന്നിവരാണ് അറസ്റ്റിലായത്. തെക്കേ മങ്കുഴി ജിൽജർ എന്ന വാടക വീട്ടിൽ നിന്നുമാണ് 258 ഗ്രാം കഞ്ചാവുമായി പൊലീസ് ഇരുവരെയും പിടികൂടിയത്. 

ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരോടൊപ്പം വള്ളികുന്നം സിഐ എം എം ഇഗ്ന്യേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ജി ഗോപകുമാർ, കെ മധു, അൻവർ, ജയന്തി, നിസാം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. നിമ്മിയുടെ ഭർത്താവ് ലിജു ഉമ്മൻ കഞ്ചാവ് കേസിൽ ഇപ്പോൾ ജയിലിലാണ്. നിമ്മിക്കും ജൂലിക്കും മാവേലിക്കര, കുറത്തികാട്, കായംകുളം എന്നീ സ്റ്റേഷനുകളിൽ നിലവിൽ കേസുണ്ട്.

അതേസമയം കഴിഞ്ഞ ദിവസം കാൽ ലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസിന്റെ പിടിയിലായി. പശ്ചിമബംഗാൾ സൗത്ത് ദിനജ് പൂർ ജില്ലയിൽ രഞ്ജിത്ത് സർക്കാർ ( 24 ) ആണ് ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കലവൂരിൽ  വാടകയ്ക്ക് താമസിച്ചുവരുന്ന ഒരു അസം സ്വദേശിക്ക് നൽകാൻ പശ്ചിമബംഗാളിൽ നിന്ന് കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. എന്നാൽ പ്രതി അറസ്റ്റിലായി വിവരം അറിഞ്ഞ്  അസം സ്വദേശി വീട് ഒഴിഞ്ഞു പോയതിനാൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല. 

കഴിഞ്ഞ ദിവസങ്ങളിലായി എറണാകുളം കേന്ദ്രീകരിച്ച് ആലപ്പുഴയ്ക്ക് കഞ്ചാവ് കടത്തുന്ന നിരവധി പേരെ ചേർത്തല എക്സൈസ് പാർട്ടി പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിൽ അന്യസംസ്ഥാന തൊഴിലാളികളും കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വഷണത്തിലായിരുന്നു രഞ്ചിത്ത് സർക്കാരിനെ പിടികൂടിയത്.

Read More : 'ഒരേ ടീം, ഒരേ പ്രതി', ഈ 'പ്രാഞ്ചി'ക്ക് കഞ്ചാവ് വില്‍ക്കാതെ ഉറക്കം വരില്ല, പിടികൂടി റെക്കോര്‍ഡിട്ട് എക്‌സൈസും

click me!