
കൊല്ലം: കൊല്ലം പട്ടാഴിയിൽ വീട്ടമ്മയുടെ സ്ഥലം കൈയേറി വഴി വെട്ടിയ കേസിൽ പ്രതികൾക്കെതിരെ ചുമത്തിയത് നിസാര വകുപ്പുകൾ മാത്രം. മുഖ്യ പ്രതികളായ പഞ്ചായത്ത് അംഗവും എസ്റ്റേറ്റ് ഉടമയും ഉൾപ്പെടെ എല്ലാവരുടെ പേരിലും സ്റ്റേഷൻ ജാമ്യം നൽകാവുന്ന വകുപ്പുകൾ ചുമത്താനേ നിയമം അനുവദിക്കുന്നുള്ളൂ എന്നാണ് പൊലീസ് വിശദീകരണം. അതേസമയം, ഭൂമി കൈയേറ്റത്തെ കുറിച്ച് റവന്യു വകുപ്പും കോടതിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
31 സെന്റ് സ്ഥലം ഒറ്റ രാത്രി കൊണ്ട് കയ്യേറി വഴി വെട്ടുക,10 ലക്ഷത്തോളം രൂപയുടെ മരങ്ങൾ മുറിച്ചു കടത്തുക... ഇത്രയും ഗുരുതരമായ തെറ്റ് ചെയ്താലും ജാമ്യം കിട്ടാത്ത വകുപ്പുകളിട്ട് പ്രതികൾക്കെതിരെ കേസെടുക്കാൻ പറ്റില്ലെന്നാണ് പത്തനാപുരം പൊലീസ് പറയുന്നത്. അതുകൊണ്ടു തന്നെ ഐപിസി 143 , 147 , 148, 149 , 447 , 427 വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. എല്ലാം ജാമ്യം കിട്ടാവുന്ന വകുപ്പുകളാണെന്ന് സാരം. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുകാരനായ പഞ്ചായത്ത് മെമ്പർ റെജി, റബർ എസ്റ്റേറ്റ് ഉടമ മാംവിളയിൽ കുഞ്ഞുമോൻ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ.
അടൂർ ഏനാത്ത് നിന്നാണ് സ്ഥലം നികത്താനുള്ള മണ്ണുമാന്തി യന്ത്രം എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം ഒളിപ്പിച്ചിരിക്കുകയാണെന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറയുന്നു. അതേസമയം, സംഭവത്തെ പറ്റി വിശദമായ റിപ്പോർട്ട് നൽകാൻ പുനലൂർ തഹസിൽദാർ പട്ടാഴി വില്ലേജ് ഓഫിസർക്ക് നിർദ്ദേശം നൽകി. കോടതി നിയോഗിച്ച അമിക്കസ്ക്യൂറിയും സ്ഥലത്തെത്തി തെളിവു ശേഖരിച്ചു. ഗുണ്ടകൾ വെട്ടിയ വഴി കരിങ്കൽ ഭിത്തി കെട്ടി അടയ്ക്കാനും റവന്യു വകുപ്പ് ഉദ്യോഗസ്ഥർ വസ്തു ഉടമയ്ക്ക് നിർദ്ദേശം നൽകി.
ഈ മാസം പതിനഞ്ചിന് രാത്രിയാണ് സ്വകാര്യ റബർ എസ്റ്റേറ്റിലേക്ക് വഴി വെട്ടാനായി ആക്രമി സംഘം വീട്ടമ്മയുടെ 31 സെന്റ് പുരയിടത്തിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയത്. നാട്ടിലെ നിയമങ്ങളെ മുഴുവൻ വെല്ലുവിളിച്ച് കൊല്ലം പട്ടാഴിയിലെ ഗുണ്ട സംഘത്തിന്റെ അതിക്രമത്തെ കുറിച്ച് ഇന്നലെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തത്. വീട്ടമ്മയുടെ ഉടമസ്ഥതയിലുളള മുപ്പത്തിയൊന്ന് സെൻറ് സ്ഥലത്തെ മണ്ണു നീക്കി ഗുണ്ടാ സംഘം ഒറ്റരാത്രി കൊണ്ട് സ്വകാര്യ റബർ എസ്റ്റേറ്റിനു വേണ്ടി വഴി വെട്ടുകയായിരുന്നു.
ഒരു മനുഷ്യൻറെ ജീവിക്കാനുളള അവകാശത്തിനുമേൽ അക്രമികൾ നടത്തിയ ക്രൂരമായ കടന്നു കയറ്റത്തിൻറെ ഇരകളായി മാറുകയായിരുന്നു കൊല്ലം പട്ടാഴി സ്വദേശിനി ജലജകുമാരിയും ഭർത്താവ് മോഹനനും. ജലജയുടെ ഉടമസ്ഥതയിലുളള മുപ്പത്തിയൊന്നു സെൻറ് സ്ഥലത്തിനു കുറുകേ ഒറ്റ രാത്രി കൊണ്ടാണ് അക്രമികൾ അടുത്തുളള റബർ എസ്റ്റേറ്റിനു വേണ്ടി വഴിവെട്ടിയത്. ഈ മാസം പതിനഞ്ചിനാണ് അമ്പതോളം പേരടങ്ങുന്ന അക്രമി സംഘം മണ്ണുമാന്ത്രി യന്ത്രവും ആയുധങ്ങളുമായി എത്തി പുരയിടത്തിനു നടുവിലൂടെ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ വഴിവെട്ടിയത്. വഴി വെട്ടി മണ്ണു നീക്കിയെന്നു മാത്രമല്ല പുരയിടത്തിലുണ്ടായിരുന്ന മരങ്ങളത്രയും അക്രമികൾപിഴുതു മാറ്റുകയും ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam