'മുമ്പ് ചുമട്ട് തൊഴിലാളി മണിയൻ, ഇന്ന് ഗോപൻ സ്വാമി'; ഗൂഗിൾ സെർച്ചിൽ ട്രെന്‍റിംഗായ 'സ്വാമി'യുടെ ജീവിതം ഇങ്ങനെ

Published : Jan 14, 2025, 12:37 PM ISTUpdated : Jan 14, 2025, 01:59 PM IST
'മുമ്പ് ചുമട്ട് തൊഴിലാളി മണിയൻ, ഇന്ന് ഗോപൻ സ്വാമി'; ഗൂഗിൾ സെർച്ചിൽ ട്രെന്‍റിംഗായ 'സ്വാമി'യുടെ ജീവിതം ഇങ്ങനെ

Synopsis

ഗോപൻസ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായാണ്. പിന്നീട്  ചുമട്ടുതൊഴിലിലേക്ക് മാറി. ഇവിടെ നിന്നു പിന്നീട് ആറാലുംമൂട്ടിലേക്കു കുടുംബത്തോടൊപ്പം താമസം മാറുകയായിരുന്നു. പിന്നീടാണ് പേര് മാറ്റുന്നതും ക്ഷേത്രം പണിത് പൂജ തുടങ്ങുന്നതും.

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് 'ഗോപൻ സ്വാമി'യെന്ന പേര് പ്രശസ്തമായത്. അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അയൽവാസികൾ രംഗത്ത് വന്നതോടെ കഥ മാറി, വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പരിശോധിക്കാൻ പൊലീസെത്തി. ഇതോടെ ഒരു വിഭാഗം എതിർപ്പുമായെത്തി. എന്തായാലും ഇതോടെ ഗോപൻ  ഗൂഗിൾ സെർച്ചിലടക്കം ട്രെന്‌റിംഗ് ആയി. 

നെയ്ത്തു ജോലിയും ചുമട്ട് തൊഴിലുമൊക്കെ ചെയ്തുപോന്നിരുന്ന ആളാണ് ഇന്ന് 'ഗോപൻ സ്വാമി' എന്നറിയപ്പെടുന്ന മണിയൻ. അതിയന്നൂർ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്. ഗോപൻസ്വാമി ജീവിതം ആരംഭിച്ചത് നെയ്ത്ത് തൊഴിലാളിയായാണ്. പിന്നീട്  ചുമട്ടുതൊഴിലിലേക്ക് മാറി. ഇവിടെ നിന്നു പിന്നീട് ആറാലുംമൂട്ടിലേക്കു കുടുംബത്തോടൊപ്പം താമസംമാറുകയായിരുന്നു. ഇവിടെ ബിഎംഎസ്, എ.ഐ.ടി.യു.സി യൂണിയനുകളിൽ ചുമട്ട് തൊഴിലാളിയായി ജോലി നോക്കിയിരുന്നു.

പിന്നീട് മണിയൻ ആത്മീയതയുടെ വഴിയിലേക്ക് മാറി. ഇതോടെയാണ് ഗോപൻ സ്വാമിയെന്ന പേര് സ്വീകരിക്കന്നതും ക്ഷേത്രം നിർമിച്ച് പൂജ തുടങ്ങിയതും. ഇരുപത്  വർഷത്തിനു മുൻപാണ് കാവുവിളയിൽ സ്ഥലം വാങ്ങി വീടുവെക്കുന്നത്. പിന്നീട് വീടിനോടുചേർന്ന് കൈലാസനാഥൻ മഹാദേവർ ക്ഷേത്രം നിർമിച്ചത്.  ഇവിടെ പൂജകള്‍ ചെയ്തു പോന്നിരുന്നു. അര്‍ത്ഥരാത്രിയിൽ ആഭിചാരകര്‍മ്മങ്ങടക്കം ഇവിടെ നടക്കുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

രക്താധിസമ്മർദവും പ്രമേഹവും കാരണം പാറശ്ശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടിയരുന്നു ഗോപൻ. ഏതാനും മാസങ്ങളായി പുറത്തിറങ്ങാനാവാതെ കിടപ്പിലുമായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് ഗോപൻ സ്വാമി മരിക്കുന്നത്. അച്ഛൻ നടന്നാണ് സമാധിപീഠത്തിലിരുന്നതെന്നും തന്നെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചിരുന്നെന്നും പൂജാരിയായ മകൻ രാജശേഖരൻ പറഞ്ഞു.  സമാധിയിരിക്കാനായി അഞ്ചുവർഷം മുൻപാണ് ഗോപൻസ്വാമി  പദ്മപീഠം നിർമിച്ചതെന്നാണ് പറയപ്പെടുന്നത്. 

ഗോപന്‍റെ കല്ലറ പൊളിച്ച് പരിശോധിക്കണമെന്ന നിലപാടിൽ തന്നെയാണ് പൊലീസ്. നിലവില്‍ നെയ്യാറ്റിൻകര ആറാംമൂട് സ്വദേശി ഗോപനെ കാണാനില്ലെന്ന കേസാണ് നെയ്യാറ്റിൻകര പൊലീസ് എടുത്തിരിക്കുന്നത്. നാട്ടുകാർ നൽകിയ പരാതിയിലാണ് പൊലീസ് കേസ്. ഗോപൻ സ്വാമി വ്യാഴാഴ്ച രാവിലെ 11 മണിയോടെ നടന്ന് പോയി കല്ലറയിലിരുന്ന് സമാധിയായെന്നാണ് മകൻ ആദ്യം രാജസേനൻ പറഞ്ഞത്. എന്നാൽ ഗോപൻ  അതീവ ഗുരുതാവസ്ഥയിൽ കിടപ്പിലായിരുന്നെന്നും വ്യാഴാഴ്ച രാവിലെ പോയി കണ്ടിരുന്നെന്നുമാണ് അടുത്ത ബന്ധുവിന്‍റെ മൊഴി. വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പര വിരുദ്ധമായ മൊഴിയാണ് പൊലീസിന് മുന്നിലുള്ളത്. ഗോപൻസ്വാമിയെ അപായപ്പെടുത്തിയതാകാമെന്ന നാട്ടുകാരുടെ പരാതിയും നിലവിലുള്ളതിനാൽ സമവായമുണ്ടാക്കി കല്ലറ പൊളിക്കാൻ തന്നെയാണ് പൊലീസിന്‍റെ നീക്കം.

Read More :  നെയ്യാറ്റിൻകര 'ദുരൂഹ സമാധി'; പൊളിക്കാൻ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച് ഗോപൻ സ്വാമിയുടെ മകൻ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റോഡ് മുറിച്ചു കടക്കുന്നതിനിടെ ചരക്ക് വാഹനം ഇടിച്ചു; വിമുക്ത ഭടനായ വയോധികൻ മരിച്ചു
ബീവിയമ്മയുടെ മരണം കൊലപാതകം? മനപ്പൂർവമല്ലാത്ത നരഹത്യ ചുമത്തി കേസ്; ചെറുമകൻ അറസ്റ്റിൽ