അനുവദിച്ച ഭൂമി കൈവശം വെക്കുന്നില്ല: ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി തിരിച്ചു പിടിക്കും

By Web TeamFirst Published Dec 13, 2018, 1:43 PM IST
Highlights

ഭൂമി പതിച്ചു നല്‍കിട്ടും ഇവ കൈവശം വയ്ക്കാത്ത ആദിവാസികളില്‍ നിന്നും റവന്യൂ വകുപ്പ് ഭൂ പതിവ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. ഭൂരഹിതര്‍ ഏറ്റവും കൂടുതലുള്ള മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തില്‍ മാത്രം ഒട്ടേറെ പേര്‍ക്ക് ഭൂമി പതിച്ചു കിട്ടിയിട്ടും വര്‍ഷങ്ങളായിട്ട് ഭൂരിപക്ഷം പേരും ഇവ കൈവശം വെക്കുന്നില്ല. 

കല്‍പ്പറ്റ: ഭൂമി പതിച്ചു നല്‍കിട്ടും ഇവ കൈവശം വയ്ക്കാത്ത ആദിവാസികളില്‍ നിന്നും റവന്യൂ വകുപ്പ് ഭൂ പതിവ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങി. ഭൂരഹിതര്‍ ഏറ്റവും കൂടുതലുള്ള മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തില്‍ മാത്രം ഒട്ടേറെ പേര്‍ക്ക് ഭൂമി പതിച്ചു കിട്ടിയിട്ടും വര്‍ഷങ്ങളായിട്ട് ഭൂരിപക്ഷം പേരും ഇവ കൈവശം വെക്കുന്നില്ല. 

ഇത്തരത്തില്‍ ഭൂമി കൈവശം വെക്കുന്നില്ലെന്ന് കണ്ടെത്തിയവര്‍ക്ക് ജില്ലാ കലക്ടര്‍ ഭൂപതിവ് റദ്ദ് ചെയ്യുന്നതിന് മുന്നോടിയായി നോട്ടീസ് അയച്ചു. തിരുനെല്ലി വില്ലേജില്‍ ടി.എല്‍.ബി 1070/73 ബി ഒന്ന് - 2778/75 ഉത്തരവ് പ്രകാരം റീസര്‍വേ 110 ല്‍ 1ബി, ബി, എന്നിവയില്‍പ്പെട്ട 4.20 ഏക്കര്‍ അഞ്ച് കുടുംബങ്ങള്‍ക്കായാണ് പതിച്ചു നല്‍കിയിരുന്നത്. പ്രദേശത്തെ ഭൂരഹിതരായ ആദിവാസികളെ കണ്ടെത്തിയായിരുന്നു ഭൂമി കൈമാറിയിരുന്നത്. 

എന്നാല്‍ പതിച്ചു കിട്ടിയ ഭൂമി ഗുണഭോക്താക്കളുടെ കൈവശമില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. നോട്ടീസ് ലഭിച്ച് പതിനഞ്ച് ദിവസത്തിനകം ഭൂമി ലഭിച്ചവര്‍ ആക്ഷേപം സമര്‍പ്പിക്കാത്ത പക്ഷം ഉടമസ്ഥാവകാശം റദ്ദാക്കാനുള്ള തീരുമാനത്തിലാണ് ജില്ലാ ഭരണകൂടം. കാളപ്പന്‍ച്ചെട്ടിയില്‍ തന്നെയുള്ള മറ്റൊരു 13.75 ഏക്കര്‍ ഭൂമിയും ഗുണഭോക്താക്കളുടെ കൈവശമില്ലെന്നതാണ് വ്യക്തമായിരിക്കുന്നത്. 

ഒരു ഏക്കര്‍ ഭൂമി വീതമാണ് ഇവിടെ ആദിവാസികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ മറ്റുള്ളവരാണ് ഇപ്പോള്‍ ഈ ഭൂമി അനുഭവിച്ച് പോരുന്നത്. തിരുനെല്ലി പഞ്ചായത്തിലെ തന്നെ എ.സി. ബൊപ്പണ്ണയെന്ന ആളില്‍ നിന്നും മിച്ചഭൂമിയായി പിടിച്ചെടുത്ത 40 ഏക്കര്‍ ഭൂമിയില്‍ 11 ഏക്കറും നാല്‍പ്പത് ആദിവാസി കുടുംബങ്ങള്‍ക്ക് വീതിച്ച് നല്‍കിയിരുന്നു. ഈ കുടുംബങ്ങളുടെ കൈയ്യിലും ഇപ്പോള്‍ നല്‍കിയ ഭൂമിയില്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഭൂമി വീണ്ടെടുത്ത് വീണ്ടും ആദിവാസി കുടുംബങ്ങള്‍ക്ക് തന്നെ കൈമാറാനുള്ള നടപടിയാണ് നടന്നുവരുന്നത്. ആദിവാസി ഭൂവിതരണവും വിനിയോഗവും കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.  

click me!