സർക്കാർ തുക അനുവദിച്ചു, എന്നിട്ടും ഉഴപ്പി ഉദ്യോഗസ്ഥർ; 3 പേരെ സസ്‌പെൻഡ് ചെയ്തെന്ന് മന്ത്രി, നടപടികൾ കടുപ്പിച്ചു

Published : Aug 20, 2025, 01:54 PM IST
muhammad riyas

Synopsis

മലപ്പുറം ജില്ലയിലെ റോഡ് പരിപാലനത്തിലെ വീഴ്ചയെ തുടർന്ന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയിൽ ചിലയിടങ്ങളിൽ കൃത്യവിലോപം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

മലപ്പുറം: റോഡ് പരിപാലനത്തിലെ വീഴ്ചയിൽ മലപ്പുറം ജില്ലയിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേരളത്തിലെ റോഡ് പരിപാലനം സമയ ബന്ധിതമായി നടപ്പാക്കുന്നതിന് സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് റണ്ണിംഗ് കോൺട്രാക്ട് പദ്ധതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പരിപാലന കാലാവധിയിൽ അല്ലാത്ത റോഡുകൾ പൂർണമായും ഗതാഗതയോഗ്യമാക്കുന്നതിന് നിശ്ചിത കാലയളവിലേക്ക് ഒരു കരാറുകാരനെ ചുമതലപ്പെടുത്താനും പ്രവൃത്തികൾ കൃത്യ സമയത്ത് നടപ്പാക്കാനും ആണ് ഈ പദ്ധതി നടപ്പിലാക്കിയത്. വലിയ സ്വീകാര്യത ആണ് ഈ പദ്ധതിക്ക് ലഭ്യമായത്. 21,000 കിലോമീറ്ററോളം റോഡ് റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ ഉൾപ്പെടുത്തി പരിപാലിച്ചു വരുന്നുണ്ട്.

എന്നാൽ ഈ വർഷത്തെ പരിശോധനയിൽ ചില ഇടങ്ങളിൽ പ്രവൃത്തി നടപ്പിലാക്കുന്നതിൽ കുറ്റകരമായ അനാസ്ഥ ശ്രദ്ധയിൽ പെട്ടു. പ്രവൃത്തിക്ക് തുക അനുവദിച്ചിട്ടും കൃത്യ സമയത്ത് സാങ്കേതിക അനുമതി നേടി ടെണ്ടറിംഗ് പ്രക്രിയ ആരംഭിക്കാത്ത സംഭവം മലപ്പുറം ജില്ലയിൽ കണ്ടെത്തി. നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ പെരിന്തൽമണ്ണ ഉപവിഭാഗത്തിലാണ് ഈ വീഴ്ച കണ്ടെത്തിയത്.

ഇത് സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നും ലഭിച്ച പരാതികൾ അന്വേഷിക്കാൻ നിരത്ത് വിഭാഗം ചീഫ് എഞ്ചിനീയർക്ക് നിർദേശം നൽകിയിരുന്നു. ചീഫ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരത്ത് വിഭാഗം മഞ്ചേരി ഡിവിഷനിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ ഉപവിഭാഗത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെരിന്തൽമണ്ണ സെക്‌ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവരെ സസ്‌പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.

പൊതുജനങ്ങൾ പരാതി ഉന്നയിച്ചപ്പോൾ ഭരണാനുമതി ലഭിച്ചില്ലെന്ന തെറ്റായ മറുപടിയാണ് ചില ഉദ്യോഗസ്ഥർ നൽകിയത്. വിശദമായ അന്വേഷണത്തിന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. റോഡുകളുടെ പരിപാലനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനം തുടരും. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും പ്രധാന പങ്കുവഹിക്കാൻ കഴിയും. റണ്ണിങ് കോൺട്രാക്ട് പദ്ധതിയിൽ റോഡിൽ നീല ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ നൽകിയ ഫോൺ നമ്പറിൽ വിളിച്ചു പരാതികൾ അറിയിക്കാം. എന്നിട്ടും നടപടി ഉണ്ടായില്ലെങ്കിൽ ശ്രദ്ധയിൽപ്പെടുത്താം. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ വീഴ്ച്ച വരുത്തിയാൽ നടപടി തുടരും. ജനങ്ങൾ കാഴ്ചക്കാരല്ല കാവൽക്കാരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്