എല്ലാ നിത്യോപയോഗസാധനങ്ങളും സപ്ലൈകോയിലുണ്ടെന്ന് മന്ത്രി അനില്‍; '2016ല്‍ പ്രഖ്യാപിച്ച അതേ വിലയില്‍ 13 ഇനങ്ങള്‍

By Web TeamFirst Published Aug 19, 2023, 9:02 PM IST
Highlights

ഓണക്കാലത്ത് 250 കോടി രൂപയുടെ വില്പനയാണ് സപ്ലൈകോ മുഖേന ലക്ഷ്യമിടുന്നതെന്ന് മന്ത്രി.

കൊല്ലം: പൊതുവിപണന ശൃംഖലകളിലൂടെ വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിരോധമാണ് സര്‍ക്കാര്‍ സൃഷ്ടിക്കുന്നതെന്ന് മന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റം തടഞ്ഞ് കുറഞ്ഞനിരക്കില്‍ സാധനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരും. എല്ലാ നിത്യോപയോഗസാധനങ്ങളും സപ്ലൈകോ ഔട്ട്ലെറ്റുകള്‍ മുഖേന ലഭ്യമാകുന്നുണ്ട്. 2016ല്‍ പ്രഖ്യാപിച്ച അതേ വിലയില്‍ 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ഇത്തവണയും നല്‍കുന്നു. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തില്‍ നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് അഞ്ച് കിലോ ചെമ്പ അരി നല്‍കും. ഓണക്കാലത്ത് 250 കോടി രൂപയുടെ വില്പനയാണ് സപ്ലൈകോ മുഖേന ലക്ഷ്യമിടുന്നത്. ഭക്ഷ്യവകുപ്പ് സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന അരി നേരിട്ട് പൊതുവിപണന ശൃംഖലകളിലൂടെ എത്തിക്കുകവഴി ഗുണനിലവാരം ഉറപ്പാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ആശ്രാമം മൈതാനത്ത് ജില്ലാതല സപ്ലൈകോ ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി അനില്‍. 

സാധാരണക്കാര്‍ക്ക് ഓണം സമൃദ്ധമാക്കാന്‍ ഒട്ടേറെ ആനുകൂല്യങ്ങളാണ് നല്‍കിവരുന്നതെന്ന് മന്തി ജെ ചിഞ്ചുറാണി പറഞ്ഞു. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് പോലുള്ള സ്ഥാപനങ്ങളിലൂടെ ഗുണമേന്‍മയുള്ള ഉത്പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് നല്‍കുന്നു. സാമൂഹികക്ഷേമ പെന്‍ഷനുകളുടെ വിതരണവും തുടങ്ങി. സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് സപ്ലൈകോയില്‍ ഉള്‍പ്പെടെ കണ്ടുവരുന്ന ജനത്തിരക്കെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ ഓണം ഫെയറില്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവും കോമ്പോ ഓഫറും ലഭ്യമാണ്. റേഷന്‍ കാര്‍ഡ് ഹാജരാക്കി സബ്‌സിഡി സാധനങ്ങള്‍ വാങ്ങാം. ഓഗസ്റ്റ് 28ന് ഫെയര്‍ സമാപിക്കും. ഓണം ഫെയറിലെ നിത്യോപയോഗ സ്ഥാപനങ്ങളുടെ സബ്സിഡി വില ( വിപണി വില ബ്രാക്കറ്റില്‍): ജയ അരി 25 രൂപ (42), പച്ചരി 23(37.50), ചെറുപയര്‍ 74 (115), ഉഴുന്ന് 66 (128.10), വന്‍പയര്‍ 45 (109.20), കടല 43(75.60), തുവര 65(148.06), അരക്കിലോ മുളക് 37.50 ( 251), അരക്കിലോ മല്ലി 39.50 (103), ഒരു കിലോ പഞ്ചസാര 22 (44.50), ഒരു ലിറ്റര്‍ വെളിച്ചെണ്ണ 126( 146).

  പൊലീസ് നടപടി അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ, 'വിയോജിപ്പുകൾ അടിച്ചമർത്തുന്നത് അവസാനിപ്പിക്കണം' 
 

click me!