
ആലപ്പുഴ: കെ എസ് ആർ ടി സി ബസും കാറും തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. ഒരാളുടെ നില ഗുരുതരം. ആശ്രമം വാർഡ് നടുവിലപ്പറമ്പിൽ സരസ്വതി അമ്മ (72 ) ആണ് മരണപ്പെട്ടത്. എറണാകുളം ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് നിയന്ത്രണം വിട്ട് എതിരെ വരികയായിരുന്ന കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഫയർഫോഴ്സ് എത്തി കാർ വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്.
അപകടത്തിൽപ്പെട്ട ബസ് ഇൻസുലേറ്റഡ് ലോറിയിലും ഇടിച്ചിരുന്നു. ബസിലുണ്ടായിരുന്ന 17 പേർക്ക് നിസാര പരിക്കേറ്റു. മരിച്ച സരസ്വതി അമ്മയുടെ മകൾ ശ്രീകലയുടെയും രാജഗോപാലിന്റെയും കുട്ടിക്ക് മണ്ണാറശ്ശാല ക്ഷേത്രത്തിൽ ചോറു കൊടുക്കാൻ പോകുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. കരുവാറ്റ ഭാഗത്ത് ഇന്ന് രാവിലെ 8.30 നായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ സരസ്വതിയമ്മ തൽക്ഷണം മരിച്ചു. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി.
വാഹനം ഓടിച്ചിരുന്ന രാജഗോപാലിന് (മരിച്ചയാളിന്റെ മരുമകൻ) പരുക്ക് ഗുരുതരമായതിനാൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. മറ്റുളളവരുടെ നില ഗുരുതരമല്ല. ഇവരെല്ലാം വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയില്‍ തുടരുകയാണ്. സരസ്വതി അമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വണ്ടാനം മെഡിക്കൽ കോളജിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതനായ രാമന്‍ പിള്ളയാണ് സരസ്വതി അമ്മയുടെ ഭര്‍ത്താവ്. മക്കൾ : ശ്രീദേവി, ശ്രീകല, അനിൽകുമാർ (യു കെ) മരുമക്കൾ : പ്രദീപ് കുമാർ (വിമുക്തഭടൻ ) രാജഗോപാൽ, പാർവ്വതി (യു കെ). സംസ്ക്കാരം പിന്നീട് നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം