ഗുരുവായൂരിൽ ആനയ്ക്ക് മുന്നിൽ വിവാഹ ഫോട്ടോ ഷൂട്ട്; ഇടഞ്ഞ ആന പാപ്പാനെ കാലില്‍പ്പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചു

Published : Nov 26, 2022, 11:51 AM ISTUpdated : Nov 26, 2022, 12:36 PM IST
ഗുരുവായൂരിൽ ആനയ്ക്ക് മുന്നിൽ വിവാഹ ഫോട്ടോ ഷൂട്ട്; ഇടഞ്ഞ ആന പാപ്പാനെ കാലില്‍പ്പിടിച്ച് ഉയര്‍ത്താന്‍ ശ്രമിച്ചു

Synopsis

 ഫോട്ടോഷൂട്ട് കഴിഞ്ഞ് വധൂവരന്മാര്‍ മാറിയതിന് തൊട്ട് പിന്നാലെ പ്രകോപിതനായ ആന വട്ടം തിരിയുകയായിരുന്നു. 

ഗുരുവായൂര്‍:  ഗുരുവായൂരില്‍ ആനയ്ക്ക് മുന്നില്‍ നിന്ന് വിവാഹ ഫോട്ടോഷൂട്ട് നടത്തുന്നതിനിടെ ആന ഇടഞ്ഞു. തുടര്‍ന്ന് സമീപത്ത് നിന്ന പാപ്പനെ കാലില്‍ പിടിച്ച് എടുത്തുയര്‍ത്താന്‍ ആന ശ്രമിച്ചെങ്കിലും പാപ്പാന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ പത്താം തിയതിയായിരുന്നു സംഭവം. എന്നാല്‍ കഴിഞ്ഞ ദിവസമാണ് ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ഗുരുവായൂർ ദേവസ്വത്തിന്‍റെ ദാമോദർ ദാസ് എന്ന ആനയാണ്    ഇടഞ്ഞത്. 

ശീവേലി കഴിഞ്ഞ് ആനയെ പുറത്തേക്ക് എഴുന്നള്ളിക്കുന്നതിനിടെയാണ് നടപ്പന്തലില്‍ വച്ച് വധൂവരന്മാര്‍ ആനയോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോഷൂട്ട് കഴിഞ്ഞ് വധൂവരന്മാര്‍ മാറിയതിന് തൊട്ട് പിന്നാലെ പ്രകോപിതനായ ആന വട്ടം തിരിയുകയായിരുന്നു. ഈ സമയം ആനയുടെ ഇടത് വശത്തും മുകളിലുമായി പാപ്പാന്മാര്‍ ഉണ്ടായിരുന്നു. വട്ടം തിരിഞ്ഞ ആന ഇടത് വശത്ത് നിന്നിരുന്ന രാധാകൃഷ്ണന്‍ എന്ന പാപ്പാനെ തുമ്പിക്കൈ കൊണ്ട് കാലില്‍ പിടിച്ച് വാരിയെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍, പാപ്പാന്‍റെ കാലിന് പകരം രണ്ടാം മുണ്ടിലായിരുന്നു ആനയ്ക്ക് പിടിത്തം കിട്ടിയത്. ഇതിനിടെ ആനയുടെ തുമ്പക്കൈയുടെ പിടിത്തത്തില്‍ നിന്നും ഊര്‍ന്നിറങ്ങിയ രാധാകൃഷ്ണന്‍, ആനയുടെ ശ്രദ്ധ മുണ്ടിലായപ്പോള്‍ വീണ് കിടന്നിടത്ത് നിന്നും ഏഴുന്നേറ്റ് ഓടി മാറി. ഇതേ സമയം നടപ്പന്തലിലും ഏറെപ്പേരുണ്ടായിരുന്നു. പെട്ടെന്ന് തന്നെ ആനയെ തളയ്ക്കാനായതിനാല്‍ വലിയ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി. 

1999 ഫെബ്രുവരി 24 ന് നാല് വയസുള്ള ആനക്കുട്ടിയെ അന്നത്തെ മേല്‍ശാന്തിയായിരുന്ന കക്കാട് ഇല്ലത്ത് ദേവദാസ് നമ്പൂതിരിയാണ് ഗുരുവായൂരില്‍ നടയ്ക്കിരുത്തിയത്. ദേവദാസ് നമ്പൂതിരിയുടെ അച്ഛന്‍റെ പേരും അദ്ദേഹത്തിന്‍റെ പേരും ചേര്‍ത്ത് ദാമോദർ ദാസ് എന്ന പേരാണ് ആനയ്ക്ക് നല്‍കിയത്. ഇന്ന് ഗുരുവായൂര്‍ ആനക്കോട്ടയിലെ ഏറ്റവും തലയെടുപ്പുള്ള ആനകളില്‍ പ്രമുഖനാണ് ദാമോദര്‍ ദാസ് എന്ന ആന. ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ആനയോടൊപ്പമുള്ള ഫോട്ടോഷൂട്ടിനെതിരെ നിരവധി പ്രതികരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്. 


 

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി