നവ്യയുടെ അഞ്ച് വര്‍ഷത്തെ സ്വപ്നം പൂവണിഞ്ഞു; ഇനി സ്ക്കൂളിലെത്തി പഠിക്കാം

By Web TeamFirst Published Jun 12, 2019, 10:50 PM IST
Highlights

സ്ക്കൂളിലെ എസ് പി സി യൂണിറ്റിന്റെ അഭ്യർത്ഥനയെ തുടർന്ന് മുഹമ്മ ഫൈബർ വേൾഡ് കമ്പനി എം ഡി റോബി ഫ്രാൻസിസാണ് 70000 രൂപ വിലയുള്ള ഇലക്ട്രിക് വീൽചെയർ നവ്യയ്ക്ക് വാങ്ങി നൽകിയത്

മുഹമ്മ: വൈകല്യങ്ങളെ ഇച്ഛാശക്തി കൊണ്ട് തോൽപ്പിച്ച് ,സ്ക്കൂളിലെത്തി പഠിക്കണമെന്ന നവ്യയുടെ അഞ്ചു വർഷത്തെ ആഗ്രഹത്തിനു സ്വപ്ന സാക്ഷാത്ക്കാരം. സുരക്ഷിതമായൊരു വീൽ ചെയറിനു വേണ്ടി കാത്തിരുന്ന നവ്യയ്ക്കും കുടുംബത്തിനും ഇലക്ട്രിക് വീൽചെയർ നൽകിയാണ് കരുതലും പിന്തുണയുമേകിയത്. മുഹമ്മ എ ബി വിലാസം എച്ച് എസ് എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് നവ്യ.

സ്ക്കൂളിലെ എസ് പി സി യൂണിറ്റിന്റെ അഭ്യർത്ഥനയെ തുടർന്ന് മുഹമ്മ ഫൈബർ വേൾഡ് കമ്പനി എം ഡി റോബി ഫ്രാൻസിസാണ് 70000 രൂപ വിലയുള്ള ഇലക്ട്രിക് വീൽചെയർ നവ്യയ്ക്ക് വാങ്ങി നൽകിയത്. എസ് പി സി അവലോകന യോഗത്തിൽ അധ്യാപിക പി ആർ അശ്വതി നവ്യയുടെ ദയനീയാവസ്ഥ അവതരിപ്പിച്ചതാണ് വഴിത്തിരിവായത്.

കഞ്ഞിക്കുഴി പുത്തനമ്പലത്തിനു സമീപം പാണി ചിറയിൽ ലാൽ - ശോഭന ദമ്പതികളുടെ മകളായ നവ്യയുടെ അരയ്ക്ക് കീഴ്പോട്ട് തളർന്ന അവസ്ഥയിലാണ് .എ ബി വിലാസം എച്ച് എസ് എസിൽ അഞ്ചാം ക്ലാസിൽ ചേർന്നെങ്കിലും ശാരീരികാവശതകൾ മൂലം സ്ഥിരമായി സ്കൂളിലെത്തി പഠിക്കാൻ കഴിഞ്ഞിരുന്നില്ല.

എസ് പി സി കേഡറ്റുകളും സമഗ്ര ശിക്ഷ റിസോഴ്സ് അധ്യാപിക പി എസ് സുനിതയും വീട്ടിലെത്തി പഠിപ്പിച്ചു. നന്നായി പഠിക്കാൻ കഴിവുള്ള നവ്യയ്ക്ക് പത്താം ക്ലാസിലെങ്കിലും സ്കൂളിലെത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ എല്ലാവരും പിന്തുണയുമായെത്തി. ക്ലാസിലേയ്ക്ക് വീൽ ചെയർ കയറ്റുന്നതിനും മറ്റുമുള്ള സൗകര്യങ്ങൾ സ്കൂൾ മാനേജ്മെന്റ് ചെയ്തു കൊടുക്കും. കുട്ടി പോലീസും മറ്റു വിദ്യാർത്ഥികളും നവ്യയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ മുൻപന്തിയിലുണ്ട്.

click me!