
ആലപ്പുഴ: മികച്ച കൈയക്ഷരത്തിലൂടെ വലിയ തുക സമ്പാദിക്കാമെന്ന വാഗ്ദാനം നല്‍കി സാമ്പത്തിക തട്ടിപ്പ്. അമ്പലപ്പുഴയിലുള്ള സ്ഥാപനത്തിന്‍റെ പേര് ദുരുപയോഗം ചെയ്താണ് മാസങ്ങളായി തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിനെ പറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്.
അമ്പലപ്പുഴ ചാണക്യ ബുക് സെന്‍റര്‍ ഉടമ എന്‍ എസ് ജയകുമാര്‍ ആണ് പരാതിക്കാരന്‍. തന്‍റെ സ്ഥാപനത്തിന്‍റെ പേര് ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി തട്ടിപ്പ് നടക്കുന്നെന്നാണ് ജയകുമാറിന്‍റെ പരാതി. മികച്ച കൈയക്ഷരമുള്ളവര്‍ക്ക് വീട്ടിലിരുന്ന് വലിയ തുക സമ്പാദിക്കാമെന്നാണ് ഇന്‍സ്റ്റയിലും ഫേസുബുക്കിലും കാണുന്ന പരസ്യം. രജിസ്ട്രേഷന്‍ ഫീസായി 500 രൂപ ആദ്യം ഈടാക്കും. പിന്നീട് ജോലിക്കാവശ്യമായ അനുബന്ധ സാമഗ്രികളുടെ വില എന്ന നിലയില്‍ അയ്യായിരം രൂപ വരെ ഈടാക്കും. പണം നല്‍കി നാളുകള്‍ കഴിഞ്ഞും വിവരമൊന്നും ഇല്ലാതെ വരുന്നതോടെയാണ് ആളുകള്‍ തട്ടിപ്പിനെ കുറിച്ച് മനസിലാക്കുക. ഇങ്ങനെ തട്ടിപ്പിനെ കുറിച്ച് മനസിലാക്കുന്നവര്‍ തന്‍റെ കടയിലേക്ക് വിളിച്ചപ്പോഴാണ് സ്ഥാപനത്തിന്‍റെ പേര് ദുരുപയോഗം ചെയ്തുളള തട്ടിപ്പിന്‍റെ കാര്യം അറിഞ്ഞതെന്ന് ജയകുമാര്‍ പറയുന്നു.
മാസങ്ങള്‍ക്ക് മുമ്പ് പരാതി സൈബര്‍ സെല്ലിന് നല്‍കിയിട്ടും ഇപ്പോഴും തന്‍റെ സ്ഥാപനത്തിന്‍റെ പേര് ഉപയോഗിച്ചുളള തട്ടിപ്പ് തുടരുകയാണെന്ന് ജയകുമാര്‍ പറയുന്നു. സ്ത്രീകളാണ് കബളിപ്പിക്കപ്പെടുന്നവരില്‍ ഏറിയ പങ്കും. തട്ടിപ്പ് തുടരുന്ന സാഹചര്യത്തില്‍ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാണ് ജയകുമാറിന്‍റെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam