കരുവാറ്റ സഹകരണ ബാങ്ക് കൊള്ള അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്, പിന്നില്‍ വിദഗ്ധ സംഘം; പൊലീസും ഞെട്ടി

Published : Sep 04, 2020, 09:57 PM IST
കരുവാറ്റ സഹകരണ ബാങ്ക് കൊള്ള അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്, പിന്നില്‍ വിദഗ്ധ സംഘം; പൊലീസും ഞെട്ടി

Synopsis

ഗ്യാസ്- ഓക്സിജൻ സിലിണ്ടറുകളിൽ നിന്നുള്ള മിശ്രിതം കൃത്യമായ അളവിൽ കടത്തിവിട്ട്, ഏറെ സുരക്ഷാ സംവിധാനമുള്ള ലോക്കർ ശബ്ദമില്ലാതെ തകർക്കണമെങ്കിൽ മോഷ്ടാക്കള്‍ ചില്ലറക്കാരല്ലെന്നാണ് പൊലീസിന്‍റെ നിഗമനം.

ഹരിപ്പാട്: കരുവാറ്റയിലെ സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന കൊള്ള വിദഗ്ധരായ മോഷ്ടാക്കളുടെ നേതൃത്വത്തിലെന്ന് പൊലീസ്. അഞ്ച് കിലോഗ്രാം സ്വർണ്ണവും നാലര ലക്ഷം രൂപയുമാണ് ബാങ്കില്‍ നിന്നും മോഷ്ടാക്കള്‍  കൊള്ളയടിച്ചത്. അതിനൂതനമായ രീതിയിൽ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് നടന്ന മോഷണം  പൊലീസ് ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. 

ഗ്യാസ്- ഓക്സിജൻ സിലിണ്ടറുകളിൽ നിന്നുള്ള മിശ്രിതം കൃത്യമായ അളവിൽ കടത്തിവിട്ട്, ഏറെ സുരക്ഷാ സംവിധാനമുള്ള ലോക്കർ ശബ്ദമില്ലാതെ തകർക്കണമെങ്കിൽ ഈ രംഗത്ത് അതീവ പ്രഗത്ഭ്യം ഉള്ള ആളുകള്‍ മോഷണത്തിന്  പിന്നിലുണ്ടായിരിക്കണമെന്നാണ്  പൊലീസിൻറെ  നിഗമനം. ഈ മിശ്രിതത്തിന്റെ അളവ് അൽപ്പമൊന്നു കൂടിയാൽ വൻ പൊട്ടിത്തെറിക്ക് വരെ സാധ്യയുണ്ടെന്നാണ് കണക്കാക്കുന്നത്. 

കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിൽ രാത്രിയിൽ പെയ്ത തോരാ മഴയും കവർച്ചക്കാർക്ക്  സഹായമായെന്ന് പൊലീസ് വിലയിരുത്തുന്നു. ടിബി ജംഗ്ഷൻ കേന്ദ്രമാക്കി ദേശീയപാതയോരത്ത് 85 വർഷം മുൻപ് പിടിയരിയും കെട്ടു തെങ്ങുമായി സഹകാരികൾ തുടങ്ങിയ കരുവാറ്റാ വടക്ക് 2145-ാം നമ്പർ പരസ്പര സഹായ സഹകരണ സംഘമാണ് പടിപടിയായി വളർന്ന് ഇന്നത്തെ നിലയിലേക്കെത്തിയത്. 

കരിനിലങ്ങളും പുഞ്ചപ്പാടങ്ങളും കര കൃഷിയുമായി കാർഷിക വൃത്തിയെ ആലംബമായി കരുതുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ അത്താണിയാണ് കവർച്ച ചെയ്യപ്പെട്ട സ്ഥാപനം. ബാങ്കിനു പുതിയ ആസ്ഥാന മന്ദിരം നിർമ്മിക്കുവാനും നിരവധി പുത്തൻ വരുമാന ശ്രോതസ്സുകൾ കണ്ടെത്തുവാനും കഴിഞ്ഞ വാർഷിക പൊതുയോഗം ഭരണ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. അവയോരോന്നായി നടപ്പിലാക്കി വരികയായിരുന്നുയെന്നും കെട്ടിടം നിർമ്മിക്കുവാനുള്ള തീരുമാനം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്ന വേളയിലാണ് ബാങ്കിന് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായത്. 

 Read moreഹരിപ്പാട് വൻ കവർച്ച; അഞ്ചരക്കിലോ സ്വർണ്ണവും നാലര ലക്ഷം രൂപയും കവര്‍ന്നു 

എൽ. ഡി. എഫും യു ഡി എഫും മാറിയും തിരഞ്ഞും ബാങ്കിൻറെ ഭരണ തലപ്പത്ത് എത്തിയിട്ടുണ്ട്. ദീർഘനാൾ കൊടിയുടെ നിറം നോക്കാതെ വ്യത്യസ്ത രാഷ്ട്രീയ രംഗത്തുള്ളവര്‍ ഒത്തു ചേർന്നും ബാങ്ക് ഭരിച്ചിരുന്നു. വാശിയേറിയ തെരഞ്ഞെടുപ്പിലൂടെ യൂ ഡി എഫ് നേതൃത്വത്തിൽ ഭരണ സമിതി അധികാരമേറ്റിട്ട് ആറു മാസത്തിലേറെയെ ആകുന്നുള്ളൂ. ബാങ്ക് പ്രവർത്തിക്കുന്നത് പഴയ കെട്ടിടത്തിലാണെങ്കിലും ഇവിടെ പരമാവധി സുരക്ഷയൊരുക്കാൻ ഭരണ സമിതി ശ്രദ്ധിച്ചിരുന്നു. 

പണയ സ്വർണ്ണത്തിനും മറ്റും കൃത്യമായ ഇൻഷുറൻസ് പരിരക്ഷയും നിക്ഷേപ ങ്ങൾക്ക് ബാങ്ക് ഗ്യാരണ്ടിയും ഉള്ളതിനാൽ സഹകാരി കളുടെ പണവും സ്വർണ്ണ നിക്ഷേപവും സുരക്ഷിത മാണെന്നും യാതൊരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു. ജില്ലാ പൊലീസ് മേധാവി പി എസ് സാബുവിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് അന്വേഷണം ഊർജ്ജിതമാക്കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട തർക്കം, പ്ലസ് വണ്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച് സ്കൂൾ വിദ്യാർഥികൾ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു
തീരുമാനം അപ്രതീക്ഷിതം, ജനങ്ങളോടൊപ്പം വികസന പ്രവർത്തനം ഏറ്റെടുത്ത് മുന്നോ‌ട്ട് പോകും: ആശാ നാഥ്