'ഗുരുവായൂരിൽ വന്നത് തീവ്രവാദിയല്ല'; ഇത്തരം വാർത്ത റിപ്പോർട്ട് ചെയ്യും മുമ്പ് അന്വേഷിക്കണമെ​ന്ന് ഡിജിപി, കശ്മീരി യുവാവിനെ നാട്ടിലേക്ക് കൊണ്ടുപോയി

Published : Apr 29, 2026, 11:28 AM IST
Guruvayur temple

Synopsis

ഗുരുവായൂർ ക്ഷേത്രപരിസരത്ത് സംശയാസ്പദമായി കണ്ടെത്തിയ കാശ്മീരി യുവാവിന് തീവ്രവാദ ബന്ധമില്ലെന്ന് ഡിജിപി സ്ഥിരീകരിച്ചു. മാനസികാസ്വാസ്ഥ്യമുള്ള ഇയാളെ കാണാനില്ലെന്ന് കാശ്മീരിൽ പരാതിയുണ്ടായിരുന്നു. പോലീസ് അന്വേഷണത്തിന് ശേഷം ഇയാളെ ബന്ധുക്കൾക്കൊപ്പം നാട്ടിലേക്ക് തിരിച്ചയച്ചു.

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര പരിസരത്ത് മാനസിക വൈകല്യമുള്ള കാശ്മീരി യുവാവിനെ കണ്ടെത്തിയ സംഭവവത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍. തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിനെ കശ്മീര്‍ പോലീസും ബന്ധുവും എത്തി തിരികെ നാട്ടിലേക്ക് കൊണ്ടുപോയി. മുഷ്താഖ് അഹമ്മദ് പണ്ഡിറ്റ് എന്ന 45 വയസുള്ള ബിലാല്‍ പണ്ഡിറ്റിനെയാണ് കഴിഞ്ഞ 21ന് ഗുരുവായൂര്‍ ക്ഷേത്രപരിസരത്ത് കണ്ടെത്തിയത്. ഭക്തര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കി. പിന്നീട് നടന്ന അന്വേഷണത്തില്‍ ഇയാള്‍ മാനസിക രോഗിയാണെന്നും ഇയാളെ കാണാനില്ലെന്ന് ബന്ധുക്കള്‍ നൗകാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ടെമ്പിള്‍ പോലീസ് സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് കോടതി നിര്‍ദ്ദേശപ്രകാരം ഇയാളെ പടിഞ്ഞാറെ കോട്ടയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

നൗകാം എസ്.ഐ. രവീന്ദര്‍ സിംഗ്, മുസ്താക്കിന്റെ അച്ഛന്റെ സഹോദരന്റെ മകന്‍ ഷബീര്‍ അഹമ്മദ് പണ്ഡിറ്റ് എന്നിവരാണ് ഗുരുവായൂരില്‍ എത്തിയത്. തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ടി. നാരായണന്‍, തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂര്‍ എന്നിവര്‍ ഇവരുമായി സംസാരിച്ചു. ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ സംസ്ഥാന പോലീസ് മേധാവി റവാഡ എ. ചന്ദ്രശേഖര്‍ പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഗുരുവായൂരില്‍ തീവ്രവാദി എത്തിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായും കാശ്മീര്‍ പോലീസുമായും ബന്ധപ്പെട്ടതില്‍നിന്നും തീവ്രവാദ ബന്ധമൊന്നുമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് പോലീസുമായി ബന്ധപ്പെട്ട് വസ്തുതകള്‍ ഉറപ്പുവരുത്തണമെന്ന് മാധ്യമങ്ങളോട് അദ്ദേഹം അഭ്യര്‍ഥിച്ചു. കാശ്മീരിലെ അനന്ത് നാഗ് ജില്ലയിലെ കുപ്‌വാര സ്വദേശിയായ മുസ്താഖ് വൈദ്യുതി വിഭാഗം ജീവനക്കാരനായിരുന്നു. അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഇയാള്‍ 2011 ല്‍ ഭാര്യയെ കൊല്ലുകയും 12 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. ഇതിനുശേഷം മാനസികവിഭ്രാന്തി പ്രകടിപ്പിച്ച ഇയാള്‍ രാജ്യം മുഴുവന്‍ കറങ്ങി നടക്കുകയായിരുന്നു. തീര്‍ഥാടന കേന്ദ്രങ്ങള്‍ കയറിയിറങ്ങുന്ന ഇയാള്‍ മലപ്പുറം ജില്ലയിലെ ഷഹബ ഷരീഫ് ദര്‍ഗയില്‍ നിന്നാണ് ഗുരുവായൂര്‍ ക്ഷേത്രത്തെക്കുറിച്ച് അറിയുന്നത്. 

മാര്‍ച്ച് 19 വരെ ഇയാള്‍ ബന്ധുക്കളുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പിന്നീട് വിവരം ഒന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് നൗകാം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഗുരുവായൂരില്‍ തീവ്രവാദി എത്തി എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വലിയ തരത്തിലുള്ള ആശങ്കകളാണ് സൃഷ്ടിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തി യാതൊരു തരത്തിലുള്ള ആശങ്കകള്‍ക്കും ഇടയില്ല എന്ന ഉറച്ച വിശ്വാസത്തിലാണ് മുസ്താഖിനെ ബന്ധുക്കള്‍ക്ക് കൈമാറുന്നതെന്നും ടെമ്പിള്‍ പോലീസ് എസ്.എച്ച്.ഒ. വിനോദ് വലിയാട്ടൂര്‍ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കോൺഗ്രസിന് വേണ്ടപ്പെട്ട ക്ഷേത്രം, കെസി മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം; 'കൈപ്പത്തി പ്രതിഷ്ഠ'യുള്ള ഏമൂർ ഹേമാംബിക ക്ഷേത്രത്തിൽ വഴിപാട്
വെളുപ്പിന് 5 മണിക്ക് വീട്ടിൽ നിന്ന് ഇഴഞ്ഞ് പുറത്തെത്തി വയോധിക, വിവരം പൊലീസിനെ അറിയിച്ചത് നാട്ടുകാർ; തിരുവനന്തപുരത്ത് വീട് കയറി ആക്രമിച്ചു